കുടിയേറ്റം നിയന്ത്രിക്കാൻ ഋഷി സുനകിന്റെ തന്ത്രം; കുടുംബാംഗത്ത സ്‌പോൺസർ ചെയ്യാനുള്ള വരുമാന പരിധി ഉയർത്തി യുകെ

ലണ്ടൻ: യുകെയിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കാനായി കർശന നടപടിയുമായി പ്രധാനമന്ത്രി റിഷി സുനക്. കുടുംബാംഗത്തെ സ്പോൺസർ ചെയ്യുന്നതിനുള്ള വരുമാന പരിധിക്ക് 55 ശതമാനത്തിലധികം വർധന ഏർപ്പെടുത്തി. നിലവിലെ വരുമാനപരിധിയായ 18,600 പൗണ്ടിൽ നിന്നും 29,000 പൗണ്ടായാണ് വരുമാന പരിധി ഉയർത്തിയിരിക്കുന്നത്. അടുത്ത വർഷമാകുമ്പോഴേക്കും ഇത് 38,700 പൗണ്ടായി ഉയർത്തിയേക്കുമെന്നാണ് സൂചന. നിലവിൽ 29,000 പൗണ്ടിന് താഴെ വരുമാനമുള്ളവർക്ക് കുടുംബാംഗത്തെ സ്പോൺസർ ചെയ്യാനാകില്ല.

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ മൈഗ്രേഷൻ ഒബ്‌സർവേറ്ററിയുടെ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് കുടിയേറിയ പകുതിയോളം പേരുടേയും മാസവരുമാനം 39,000 പൗണ്ടിൽ താഴെയാണ്. ബ്രിട്ടണിലേക്ക് കുടിയേറുന്നവരിൽ കൂടുതൽ പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്.

വലിയൊരു ശതമാനം പേരും ഉന്നത പഠനത്തിനായാണ് യു കെയിലേക്ക് കുടിയേറുന്നത്. കുടുംബാംഗങ്ങൾക്കൊപ്പം യുകെയിലെത്തുന്ന ഡിപ്പെന്റന്റുകൾ ആകെ ഡിപ്പന്റന്റുകളുടെ എണ്ണത്തിന്റെ 38 ശതമാനം വരുമെന്നാണ് കണക്ക്. അതുകൊണ്ട് തന്നെ വരുമാനപരിധിയിൽ വളരെപ്പെട്ടെന്ന് ഇത്രയും വലിയ വ്യത്യാസം വരുത്തുന്നത് ഇന്ത്യയിൽ നിന്ന് യു കെയിലേക്ക് കുടിയേറുന്നവർക്ക് വലിയ തിരിച്ചടിയായേക്കും.

ALSO READ- ചികിത്സയ്ക്കിടെ ഗർഭിണിയായ കോഴിക്കോട് സ്വദേശിനി മരിച്ചു; സംഭവം എടപ്പാളിലെ ആശുപത്രിയിൽ

കുടിയേറ്റം കുറയ്ക്കുന്നതിന്റേയും ഇമിഗ്രേഷൻ കുറയ്ക്കുന്നതിന്റേയും ഭാഗമായാണ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പുതിയ പരിഷ്‌കരണം. ഈ വർഷം യു കെയിൽ തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കുന്നതിനിടെയാണ് ഈ നടപടികൾ.

Exit mobile version