നടിയെ അക്രമിച്ച കേസ്; വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും നടിയും നല്‍കിയ ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും നടിയും നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് സര്‍ക്കാരും നടിയും രംഗത്ത് എത്തിയത്. ഉപദ്രവത്തിനിരയായ നടിയെ പ്രതിഭാഗം വ്യക്തിഹത്യ നടത്തിയിട്ടും കോടതി ഇടപെട്ടില്ലെന്ന് സര്‍ക്കാര്‍ ആരോപിച്ചു. മാനസികമായ തേജോവധത്തെത്തുടര്‍ന്ന് വിസ്താരത്തിനിടെ പലവട്ടം താന്‍ കോടതിമുറിയില്‍ പരസ്യമായി പൊട്ടിക്കരഞ്ഞെന്ന് നടിയും അറിയിച്ചു വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് നടിയുടെയും സര്‍ക്കാരിന്റെയും പരാതി.

നടിയെ അക്രമിച്ച കേസിലെ ക്രോസ് വിസ്തരത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ വിചാരണക്കോടതിയില്‍ ലംഘിക്കപ്പെട്ടന്നാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ച പ്രധാന പരാതി. ഇക്കാര്യം ചൂണ്ടിക്കാണിച്ച പരാതി നല്‍കിയെങ്കിലും വിചാരണ കോടതി പരിഗണിച്ചില്ല. പല ചോദ്യങ്ങളും ഇരയെ അപമാനിക്കുന്ന തരത്തില്‍ ആയിരുന്നുവെന്നും വനിതാ ജഡ്ജി ആയിട്ട് പോലും ഇരയുടെ അവസ്ഥ മനസിലാക്കിയില്ലന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വനിതാ ജഡ്ജി വേണമെന്ന് നിര്‍ബന്ധമില്ലെന്നും മറ്റ് ഏതെങ്കിലും കോടതിയിലേക്ക് മാറ്റിയാല്‍ മതിയെന്നുമാണിപ്പോള്‍ സര്‍ക്കാര്‍ നിലപാട്.

അതേസമയം വ്യക്തിപരമായി അപമാനിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് പോലും കോടതി അനുവാദം നല്‍കിയെന്നാണ് ഇരയായ നടി ഹൈക്കോടതിയെ അറിയിച്ചത്. നാല്‍പതോളം അഭിഭാഷകര്‍ക്ക് മുമ്പിലാണ് ഇതെല്ലാം നടന്നതെന്നും തനിക്ക് വിചാരണ കോടതിയില്‍ നിന്നും നീതി ലഭിക്കില്ലെന്നും കോടതി മാറ്റം അനിവാര്യമെന്നും നടി ആവശ്യപ്പെട്ടു.

Exit mobile version