ചോറ് വേവാത്തതിന്റെ പേരില്‍ തര്‍ക്കം; അമ്മയെ പാത്രം കൊണ്ട് തലയ്ക്കടിച്ച് കൊന്ന മകന് ജീവപര്യന്തം തടവ് ശിക്ഷ

തൃശ്ശൂര്‍: ചോറ് വേവാത്തതിന്റെ പേരില്‍ ക്ഷുഭിതനായി മാതാവിനെ തലയ്ക്കടിച്ച് കൊന്ന മകന് ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷ. വാടാനപ്പള്ളി ഗണേശമംഗലത്ത് കലാനിലകത്ത് വിട്ടില്‍ യൂസഫ് കുട്ടിയുടെ ഭാര്യ ജുമൈലയെ മകന്‍ ഹക്കീമാണ് തലയ്ക്കടിച്ച് കൊന്നത്. കേസില്‍ നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ് ഭാരതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2015 ജൂലായ് ആറിനാണ് കേസിനാസ്പദമായ സംഭവം നന്നത്.

ഉച്ചയ്ക്ക് ചോറു കഴിക്കാനായി എത്തിയതായിരുന്നു ഹക്കീം. ഭക്ഷണം വിളമ്പുന്നതിനിടെ ക്ഷുഭിതനായ ഹക്കീം ചോറു വെന്തില്ലെന്ന് പറഞ്ഞ് വഴക്കിടുകയും ശേഷം ജുമൈലയെ അടുത്തുണ്ടായിരുന്ന വലിയ പാത്രം കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയുമായിരുന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പിന്നീട് മുറ്റത്തേക്ക് വലിച്ചിഴച്ച് പാത്രം കൊണ്ടും സ്റ്റീല്‍ ഗ്ലാസുകൊണ്ടും അടിച്ചു പരിക്കേല്പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ജുമൈല സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.

സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പിഴയടയ്ക്കാത്ത പക്ഷം പ്രതി ഒരു വര്‍ഷം കൂടി തടവനുഭവിക്കണം. പിഴത്തുകയും ഇടയ്ക്കുള്ള നഷ്ടപരിഹാരത്തുകയും ജുമൈലയുടെ മകള്‍ക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നഷ്ടപരിഹാരത്തുക നിശ്ചയിക്കാന്‍ ജില്ലാ ലീഗല്‍ അതോറിറ്റിയോട് കോടതി ആവശ്യപ്പെട്ടു.

Exit mobile version