നഗരസഭ ചെയര്‍മാനാക്കാമെന്ന വാഗ്ദാനം ലംഘിച്ചു.! പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് രാജിവെച്ചു

ആലപ്പുഴ: ചെയര്‍മാന്‍ സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം രാജിവെച്ച് കോണ്‍ഗ്രസ് നേതാവ്. നിലവില്‍ കോണ്‍ഗ്രസ് ആലപ്പുഴ സൗത്ത് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കൂടിയായ ഇല്ലിക്കല്‍ കുഞ്ഞുമോനാണ് സ്ഥാനം രാജിവെച്ചത്. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സ്ഥാനവും കുഞ്ഞുമോന്‍ രാജി വെച്ചു. അതേസമയം നേരത്തെ ചെയര്‍മാന്‍ സ്ഥാനം കുഞ്ഞുമോന് നല്‍കാമെന്ന് ധാരണ ഉണ്ടായിരുന്നു.

കുഞ്ഞുമോന്‍ ആലപ്പുഴ ഡിസിസി പ്രസിഡന്റിനാണ് രാജി നല്‍കിയത്. യുഡിഎഫിലെ മുന്‍ധാരണ പ്രകാരം ചെയര്‍മാന്‍ സ്ഥാനം ആദ്യ മൂന്ന് വര്‍ഷം തോമസ് ജോസഫിനും ശേഷിക്കുന്ന രണ്ട് വര്‍ഷം ഇല്ലിക്കല്‍ കുഞ്ഞുമോനും നല്‍കാമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇതുവരെ തോമസ് ജോസഫിനെ മാറ്റിയിട്ടില്ലെന്നാണ് കുഞ്ഞുമോന്റെ ആരോപണം.

അതേസമയം ചേര്‍ത്തലയിലെയും ചെങ്ങന്നൂരിലെയും നഗരസഭാ ചെയര്‍മാന്‍മാരെ മാറ്റുകയും ചെയ്തു. ജില്ലാ കോടതി വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാമെന്ന് ഡിസിസി പ്രസിഡന്റും കെസി വേണുഗോപാല്‍ എംപിയും ഉറപ്പ് നല്‍കിയിരുന്നുവെന്ന് കുഞ്ഞുമോന്‍ പറയുന്നു.

Exit mobile version