‘മഞ്ഞുമ്മൽ ബോയ്‌സ്-കുടിച്ചു കൂത്താടുന്ന തെണ്ടികൾ’; എവിടെയെങ്കിലും കുടുങ്ങി മരിക്കുന്നത് നല്ലതാണ്; മലയാള സിനിമയുടെ കേന്ദ്രം മയക്കുമരുന്നിന് അടിമകൾ: ജയമോഹൻ

മലയാള സിനിമയായ മഞ്ഞുമ്മൽ ബോയ്‌സിന് കേരളത്തിലേക്കാൾ സ്വീകാര്യത തമിഴ്‌നാട്ടിൽ ലഭിക്കുന്നതിനിടെ അധിക്ഷേപ പരാമർശവുമായി എഴുത്തുകാരൻ ജയമോഹൻ. മഞ്ഞുമ്മൽ സിനിമയെ മാത്രമല്ല മലയാള സിനിമാ പ്രവർത്തകരേയും മലയാളികളേയും അധിക്ഷേപിക്കുന്നതാണ് ‘മഞ്ഞുമ്മൽ ബോയ്‌സ്- കുടികാര പൊറുക്കികളിൻ കൂത്താട്ടം’ (മഞ്ഞുമ്മൽ ബോയ്‌സ്- കുടിച്ചുകൂത്താടുന്ന തെണ്ടികൾ) എന്ന ബ്ലോഗിൽ ജയമോഹൻ എഴുതുന്നത്. തലക്കെട്ടിൽ മാർച്ച് 9ന് പ്രസിദ്ധീകരിച്ച ബ്ലോഗ് സോഷ്യൽമീഡിയയിലടക്കം വലിയ രീതിയിൽ വിമർശിക്കപ്പെടുകയാണ്.

വിനോദയാത്രക്കാരായി തെന്നിന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും എത്തുന്ന മലയാളികൾ മദ്യപിച്ച് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെന്നും മാന്യമായി പെരുമാറാൻ ഇവർക്ക് അറിയില്ലെന്നുമാണ് ജയമോഹന്റെ വാദം. തമിഴ്നാട്ടിലെയും കർണാടകയിലെയും ഇത്തരം സംഘങ്ങളെ കുറിച്ച് ഈ സിനിമ ഉപയോഗിച്ച് ബോധവൽക്കരണം നടത്തിയാൽ നന്നായിരിക്കും. പൊലീസ് അവരെ കുറ്റവാളികളായി കാണണം. ഒരിക്കലും ഒരു തരത്തിലും പിന്തുണയ്ക്കരുത്. ചിലപ്പോൾ അവർ എവിടെയെങ്കിലും കുടുങ്ങി മരിക്കുന്നത് നല്ലതാണ്. നമ്മുടെ വനങ്ങൾ സംരക്ഷിക്കപ്പെടും. ഇത് അവർക്ക് പ്രകൃതി നൽകിയ സ്വാഭാവിക ശിക്ഷയാണെന്നും ജയമോഹൻ ബ്ലോഗിൽ കുറിച്ചു.

മലയാളികൾക്ക് സ്വന്തം ഭാഷയല്ലാതെ മറ്റൊരു ഭാഷയും അറിയില്ലെന്നും അവർ എവിടെ പോയാലും സ്വന്തം ഭാഷയിൽ സംസാരിക്കുകയും അതിന് മറ്റുള്ളവരെ നിർബന്ധിക്കുകയും ചെയ്യുമെന്നാണ് ജയമോഹന്റെ കുറിപ്പിലുള്ളത്.ഈ സിനിമ തന്നെ അലോസരപ്പെടുത്തി. മറ്റ് പല മലയാള സിനിമകളെ പോലെ ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്ന ചിത്രമാണിത്. മദ്യപാനാസക്തിയെയും വ്യഭിചാരത്തെയും സാമാന്യവൽക്കരിക്കുന്ന സിനിമകൾ എടുക്കുന്ന സംവിധായകർക്കെതിരെ സർക്കാർ നടപടി എടുക്കണം.

കേരളത്തിലെ വിനോദസഞ്ചാരികളെ തെന്നിന്ത്യയിലെ മറ്റ് കേന്ദ്രങ്ങളിൽ മാത്രമല്ല, കാടുകളിലും കാണാറുണ്ട്. മദ്യപിക്കാനും ഓക്കാനിക്കാനും ഛർദ്ദിക്കാനും കടന്നുകയറാനും വീഴാനും ഒക്കെ മാത്രം വേണ്ടിയാണ് അത്. മറ്റൊന്നിലും അവർക്ക് താൽപര്യമില്ല. സാമാന്യബോധമോ സാമൂഹികബോധമോ അവർക്ക് തൊട്ടുതീണ്ടിയിട്ടില്ല. ഊട്ടിയിലും കൊടൈക്കനാലിലും കുറ്റാലത്തുമൊക്കെ മലയാളികളായ മദ്യപാനികൾ പൊതുനിരത്തിൽ മോശമായി പെരുമാറുന്നത് ഞാൻ കുറഞ്ഞത് പത്ത് തവണയെങ്കിലും കണ്ടിട്ടുണ്ട്. അവരുടെ വാഹനങ്ങളുടെ ഇരുവശങ്ങളിലും ഛർദ്ദിൽ ആയിരിക്കും. ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ കുടിച്ച ശേഷം കുപ്പി വലിച്ചെറിഞ്ഞ് പൊട്ടിക്കും. സംശയമുണ്ടെങ്കിൽ ചെങ്കോട്ട – കുറ്റാലം റോഡോ കൂടല്ലൂർ-ഊട്ടി റോഡോ പരിശോധിക്കുക.’ – എന്നും ജയമോഹൻ കുറിക്കുന്നു.

ALSO READ- ‘അണികളെ തലോടാനും വഴക്ക് പറയാനുമുള്ള അവകാശം എനിക്കുണ്ട്’: വൈറല്‍ വീഡിയോയില്‍ വിശദീകരണവുമായി സുരേഷ് ഗോപി

ഈ സിനിമയിൽ തമിഴ്നാട് പൊലീസ് അവരോട് പെരുമാറുന്ന രീതിയും യഥാർത്ഥമാണ്. അടിയല്ലാതെ അവർക്ക് ഒന്നും മനസ്സിലാകുന്നില്ല. കേരളത്തിൽ കല്യാണത്തിന് പോകുന്നത് ഒരു പരീക്ഷണമായി മാറിയിരിക്കുന്നു. ഏത് കല്യാണത്തിനും ഈ മദ്യപസംഘങ്ങൾ ബഹളമുണ്ടാക്കുന്നു. വരൻ തന്നെ ഛർദ്ദിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. മയക്കുമരുന്നിന് അടിമകളായ എറണാകുളത്തെ ഒരു ചെറുസംഘമാണ് മലയാള സിനിമയുടെ കേന്ദ്രബിന്ദുവെന്നും ജയമോഹൻ ആരോപിക്കുന്നു.

കേരളത്തിൽ, പ്രത്യേകിച്ച് എറണാകുളത്ത് മലയാളത്തിലെ മുൻനിര താരങ്ങൾ പോലും മയക്കുമരുന്ന് കേസിൽ കുടുങ്ങുന്നത് പലപ്പോഴും വാർത്തകളിൽ നിറയാറുണ്ടെന്നും ജയമോഹൻ കുറിച്ചു. ഇവരാണ് മലയാള സമൂഹത്തെ ലഹരിക്ക് അടിമകളാക്കുന്നത്. പത്ത് വർഷം മുമ്പ് കിളി പോയി, ഒഴിവുനേരത്തെ കളി, വെടിക്കെട്ട്, ജെല്ലിക്കെട്ട് തുടങ്ങിയ ചെറുസിനിമകൾ കേരളത്തിൽ ഇറങ്ങി ലഹരിയും മയക്കുമരുന്നും വേശ്യാവൃത്തിയും സാമാന്യവൽകരിച്ചിരുന്നു.

കേരളത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സർക്കാരുണ്ടെങ്കിൽ ഈ സിനിമാക്കാർക്കെതിരെ നേരിട്ട് നടപടിയെടുക്കണം. തമിഴ്നാട്ടിൽ മയക്കുമരുന്നിന് അടിമപ്പെട്ട സിനിമകൾ ആഘോഷിക്കുന്നവരെ ഞാൻ തെമ്മാടികളോ നീചന്മാരോ ആയി കണക്കാക്കുമെന്നും അദ്ദേഹത്തിന്റെ ബ്ലോഗിൽ തുടരുന്നു.

മഞ്ഞുമ്മൽ ബോയ്സ് ഈ വൃത്തികേടുകളെ സാധാരണക്കാരന്റെ ആഘോഷമായി ചിത്രീകരിച്ച് ന്യായീകരിക്കുക മാത്രമല്ല, അവരെ ഉയർത്തുകയും ചെയ്യുന്നു. ചിത്രത്തിനൊടുവിൽ അവരിൽ ഒരാൾക്ക് ദേശീയ അവാർഡ് ലഭിച്ചുവെന്ന വാർത്തയാണ് കാണിക്കുന്നത്. നിയമപ്രകാരം അവരെ ജയിലിൽ അടയ്ക്കണമെന്നാണ് ജയമോഹൻ അഭിപ്രായപ്പെട്ടത്.

ALSO READ- കട്ടപ്പന ഇരട്ടക്കൊലപാതകം: വിജയന്റെ മൃതദേഹം കുഴിയിൽ ഇരുത്തിയ നിലയിൽ കണ്ടെത്തി; ആയുധവും കണ്ടെടുത്തു; മകനും ഭാര്യയ്ക്കും കൃത്യത്തിൽ പങ്ക്

അതേസമയം, ജയമോഹന്റെ കുറിപ്പ് നേരെ വലിയ വിമർശനമാണ് ഉയരുന്നത്. അഹങ്കാരി എന്ന് വിളിച്ചാണ് പലരും അദ്ദേഹത്തിന് തിരിച്ച് മറുപടി നൽകുന്നത്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ ജനിച്ച ജയമോഹൻ മലയാളത്തിൽ നിരവധി പുസ്തകങ്ങൾ രചിക്കുകയും മൂന്ന് മലയാള സിനിമകളുടെ തിരക്കഥ ഒരുക്കിയിട്ടുമുണ്ട്. കേരളത്തിലെ വായനക്കാർക്കിടയിൽ വലിയൊരു ആരാധകവൃന്ദമുള്ള ജയമോഹൻ മലയാള സാഹിത്യ സംവാദ വേദികളിലെ സ്ഥിരം സാന്നിധ്യവുമാണ്. ഒഴിമുറി, കാഞ്ചി, വൺ ബൈ റ്റു എന്നിവയാണ് ജയമോഹൻ തിരക്കഥയൊരുക്കിയ മലയാള സിനിമകൾ.

Exit mobile version