‘അണികളെ തലോടാനും വഴക്ക് പറയാനുമുള്ള അവകാശം എനിക്കുണ്ട്’: വൈറല്‍ വീഡിയോയില്‍ വിശദീകരണവുമായി സുരേഷ് ഗോപി

തൃശ്ശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അണികളോട് ക്ഷോഭിച്ചതില്‍ വിശദീകരണവുമായി നടനും തൃശൂര്‍ ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി. തിരുവനന്തപുരത്തേക്ക് പോകും എന്ന് പറഞ്ഞത് പ്രവര്‍ത്തകരെ പേടിപ്പിക്കാന്‍ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ശാസ്താംപൂവ്വം ആദിവാസി കോളനിയിലെ സന്ദര്‍ശനത്തിന് ആള് കുറഞ്ഞതില്‍ പ്രവര്‍ത്തകരോട് സുരേഷ് ഗോപി ക്ഷോഭിക്കുന്ന വീഡിയോ വൈറലായിരുന്നു. ആദിവാസി ഊരിലെ ജനങ്ങളുടെ വോട്ട് ചേര്‍ക്കാത്തതിനാലാണെന്ന് പ്രവര്‍ത്തകരോട് ക്ഷോഭിച്ചതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

‘നിങ്ങള്‍ എനിക്ക് വോട്ട് മേടിച്ച് തരാനാണെങ്കില്‍ വോട്ട് ചെയ്യുന്ന പൗരന്മാര്‍ ഇവിടെയുണ്ടാകണം. നിങ്ങള്‍ സഹായിച്ചില്ലെങ്കില്‍ നാളെ തന്നെ ഞാന്‍ തിരുവനന്തപുരത്തേക്ക് പോകും’. അവിടെ പോയി രാജീവ് ചന്ദ്രശേഖറിന് പ്രവര്‍ത്തിച്ചുകൊള്ളാമെന്നുമായിരുന്നു സുരേഷ് ഗോപി പ്രവര്‍ത്തകരോട് പറഞ്ഞത്.

‘നാളെ ജയിച്ചുകഴിഞ്ഞാലും അണികളാണ് ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് ഓരോ പ്രശ്നങ്ങള്‍ എന്നെ അറിയിക്കേണ്ടത്. ഇതുപോലെ ഇനിയും ആവര്‍ത്തിച്ചാല്‍ ഇനിയും വഴക്ക് പറയും. അതിന്റെ സൂചനയാണ് നല്‍കിയത്. അണികള്‍ ചെയ്യാനുള്ള ജോലി ചെയ്യണം. അല്ലെങ്കില്‍ എനിക്കെന്റെ ജോലി ചെയ്യാന്‍ സാധിക്കില്ല.

അവരെ തലോടാനും വഴക്ക് പറയാനുമുള്ള അവകാശം എനിക്കുണ്ട്. വോട്ടുകള്‍ ചേര്‍ത്തിട്ടില്ലെന്ന് ആദിവാസികള്‍ എന്റെ മുന്നില്‍ വെച്ചാണ് പറയുന്നത്. അപ്പോള്‍ എന്റെ അണികളെ ഞാന്‍ വഴക്ക് പറയും. അതിനുള്ള അവകാശം എനിക്കുണ്ട്, അദ്ദേഹം പറഞ്ഞു. ആ പരിപാടിയില്‍ എത്രപേരുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന വീഡിയോ പുറത്ത് വിടുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Exit mobile version