‘എനിക്ക് വേണ്ടി എന്റെ ആദ്യത്തെ വോട്ട്’: കുടുംബസമേതമെത്തി തൃശ്ശൂരില്‍ വോട്ട് ചെയ്ത് സുരേഷ് ഗോപി

തൃശ്ശൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ സമ്മതിദാനാവകാശം നിര്‍വഹിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും കുടുംബവും. അദ്ദേഹം മത്സരിക്കുന്ന തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ മുക്കാട്ടുകര സെയിന്റ് ജോര്‍ജ് എല്‍പി സ്‌കൂളിലെ 115-ാം ബൂത്തിലെത്തിയാണ് സുരേഷ് ഗോപിയും കുടുംബവും വോട്ട് ചെയ്തത്.

എനിക്ക് വേണ്ടി എനിക്ക് ആദ്യമായാണ് വോട്ട് ചെയ്യാന്‍ സാധിച്ചത്. അതാണ് ഏറ്റവും മഹത്തായ കാര്യം. ഒന്നാമത്തെ വോട്ട് തന്നെ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഒരു മുതിര്‍ന്ന പൗരനെത്തി. പിന്നെ പത്താമത് വോട്ട് ചെയ്യാവുന്ന സ്ഥിതിയിലെത്തിയെന്ന് സുരേഷ് ഗോപി പറഞ്ഞു.

കേരളത്തിന്റെ ഹൃദയവികാരം മാനിച്ച്, തൃശ്ശൂരിലെ സമ്മതിദായകര്‍ അവരുടെ വിരല്‍ത്തുമ്പിലൂടെ താമരയെ തൊട്ടുണര്‍ത്തി തൃശ്ശൂരിനെയും അതുവഴി കേരളത്തെയും വിരിയിക്കും എന്ന ആത്മവിശ്വാസമുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തെയെങ്കിലും എംപിമാരുടെ പ്രവര്‍ത്തനമെടുത്താല്‍, അത് ജനങ്ങളിലേക്കാണോ എത്തിച്ചേര്‍ന്നത് എന്ന വിലയിരുത്തല്‍ മാത്രം മതി തനിക്ക് വിജയം ഉറപ്പിക്കാന്‍. തിരഞ്ഞെടുപ്പ് വൈകിയത് മൂലം ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗുരുവായൂര്‍ സന്ദര്‍ശനത്തിന് ശേഷം രാവിലെ 6.30 യോടെയാണ് സുരേഷ് ഗോപിയും കുടുംബവും ബൂത്തിലെത്തി സമ്മതിദാനാവകാശം നിര്‍വഹിച്ചത്. അദ്ദേഹം മറ്റു ബൂത്തുകളില്‍ സന്ദര്‍ശനം നടത്തുമെന്നാണ് സൂചന. ഏതാനും നാളുകള്‍ക്ക് മുമ്പാണ് സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും വോട്ട് തൃശ്ശൂരില്‍ ചേര്‍ത്തത്. മുക്കാട്ടുകരയ്ക്ക് അടുത്ത് നെട്ടിശ്ശേരിയിലാണ് അദ്ദേഹത്തിന്റെ താമസം.

Exit mobile version