‘ടർബോ’ ജോസിനെ ഏറ്റെടുത്ത് മലയാളികൾ; ‘കൂടെ നിന്നതിന്, കൈ പിടിച്ചതിന്, എല്ലാവർക്കും നന്ദി’; സ്വന്തം കൈപ്പടയിൽ നന്ദി പറഞ്ഞ് വൈശാഖ്

വീണ്ടും മറ്റൊരു ഹിറ്റ് ചിത്രമാകാൻ ഒരുങ്ങി മമ്മൂട്ടി-വൈശാഖ് കോംബോയുടെ ‘ടർബോ’. ആദ്യ ഷോയ്ക്ക് പിന്നാലെ തന്നെ മികച്ചപ്രതികരണമാണ് ചിത്രം നേടുന്നത്. മമ്മൂട്ടി കമ്പനിയുടെ മറ്റ് ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായി പൂർണമായും മമ്മൂട്ടി ആരാധകർക്ക് രോമാഞ്ചമുണ്ടാക്കുന്ന ഒരു മാസ് ചിത്രമാണ് ടർബോ.

ഇടിപ്പടങ്ങളുടെ കൂട്ടത്തിലേക്ക് മികച്ചകഥയുമായി എത്തിയ ടർബോ വരും ദിവസങ്ങളിലും തിയറ്ററുകളിൽ വലിയ ഓളമുണ്ടാക്കുമെന്ന് ഉറപ്പാണ്. അതിനിടെ ചിത്രം ഏറ്റെടുത്ത സിനിമാപ്രേമികൾക്ക് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ വൈശാഖ്.

സോഷ്യൽ മീഡിയയിലൂടെയാണ് വൈശാഖ് നന്ദി അറിയിച്ചിരിക്കന്നത്. സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പാണ് വൈശാഖ് പങ്കുവച്ചിരിക്കുന്നത്. ‘എല്ലാവർക്കും നന്ദി. കൂടെ നിന്നതിന്, കൈ പിടിച്ചതിന്, ചേർത്ത് നിർത്തിയതിന്,’ – എന്നാണ് വൈശാഖ് കുറിച്ചിരിക്കുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ‘ടർബോ’. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കുന്നു. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് മറ്റ് പ്രധാനവേഷങ്ങളിൽ. അഞ്ജന പ്രകാശും മികച്ചൊരു വേഷം കൈകാര്യം ചെയ്യുന്നു. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ.

Exit mobile version