ഇത് ഷെയിൻ നിഗത്തിന്റെയും ഉണ്ണി മുകുന്ദന്റെയും ഒക്കെ നാട് തന്നെയാണ്; മത വിദ്വേഷം നടത്തുന്നവരെ പ്രബുദ്ധരായ മലയാളികൾ അവജ്ഞയോടെ തള്ളും: ഷെയ്ൻ നിഗം

'അവസരം മുതലെടുത്ത് മത വിദ്വേഷം വേണ്ട'; ഉണ്ണി മുകുന്ദൻ വിവാദത്തിൽ ഷെയ്ൻ നിഗം

പുതിയ സിനിമയായ ലിറ്റിൽ ഹേർട്‌സിന്റെ പ്രമോഷൻ പരിപാടിക്കിടെ സ്വകാര്യ ഓൺലൈൻ മാധ്യമത്തോട് നടത്തിയ വിവാദ പരാമർശങ്ങളിൽ വിശദീകരണവുമായി നടൻ ഷെയ്ൻ നിഗം. ചിത്രത്തിലെ നായികയായ മഹിമാ നമ്പ്യാർ-ഷെയ്ൻ നിഗം കോംബോയെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഉണ്ണി മുകുന്ദൻ-മഹിമ നമ്പ്യാർ കോംബോയാണ് തനിക്കിഷ്ടമെന്ന് പരിഹാസത്തോടെ ഷെയ്ൻ പറഞ്ഞത്. കൂടാതെ ഉണ്ണിമുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയുമായി ബന്ധപ്പെട്ട് അശ്ലീല പരാമർശം നടത്തിയെന്നാണ് പലരും ഷെയിനിനെ വിമർശിച്ചത്. ഈ വിഷയത്തിലാണ് ഇപ്പോൾ ഷെയ്ൻ നിഗത്തിന്റെ വിശദീകരണം.

താൻ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും വീഡിയോയുടെ മുഴുവൻ ഭാഗവും കാണാതെ അതിനെ തെറ്റായി പലരും കാണുന്നുവെന്നും അത് ഖേദകരമാണെന്നും ഷെയ്ൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

‘കഴിഞ്ഞ ദിവസം നിങ്ങൾ കണ്ട വീഡിയോ ദൃശ്യത്തിലെ മുഴുവൻ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽ പെട്ടത് തികച്ചും ഖേദകരമാണ്. മഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കൾ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലർ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു.

പിന്നെ അവസരം മുതലെടുത്ത് മത വിദ്വേഷത്തിന് അവസരം കാത്തു നിന്നവർക്ക് പാത്രമാകാൻ എന്റെ വാക്കുകൾ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്. അവരെ പ്രബുദ്ധരായ മലയാളികൾ അവജ്ഞയോടെ തള്ളും…തള്ളണം.. ഇത് ഷെയിൻ നിഗത്തിന്റെയും ഉണ്ണി മുകുന്ദന്റെയും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സുരേഷ് ഗോപിയുടെയും ഒക്കെ നാട് തന്നെയാണ് .’

ALSO READ-സംസ്ഥാനത്ത് കനത്തമഴ തുടരുന്നു; കോട്ടയത്ത് മീൻപിടിക്കാൻ പോയി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

അതേസമയം ഇന്നലെ അർധരാത്രിയോടെ പങ്കുവെച്ച പോസ്റ്റ് ഷെയ്ൻ നിഗം ഫേസ്ബുക്ക് പേജിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

Exit mobile version