ഒരു ദിവസം പാടിയത് 21 പാട്ടുകള്‍, ഒരുവര്‍ഷം രണ്ടായിരത്തിലധികം ഗാനങ്ങള്‍, പാട്ടില്‍ ഹരം കൊണ്ട് എസ്പിബി നടത്തിയ സാഹസങ്ങള്‍ നിരവധി; വിടവാങ്ങിയത് സംഗീതലോകത്ത് പകരം വയ്ക്കാനില്ലാത്ത അതുല്യപ്രതിഭ

ആരാധകര്‍ക്ക് എസ്പിബി, പ്രിയപ്പെട്ടവര്‍ക്ക് ബാലു, അങ്ങനെ പലപേരുകളില്‍ അറിയപ്പെടുന്നുണ്ടെങ്കിലും പാട്ടിന്റെ ലോകത്ത് അദ്ദേഹം പകരം വയ്ക്കാനില്ലാത്ത അതുല്യപ്രതിഭയാണ്. മനസ്സിന്റെ മണിച്ചെപ്പില്‍ സൂക്ഷിക്കുന്ന ‘സ്വര്‍ണമീനിന്റെ ചേലൊത്ത കണ്ണാളെ’യും പ്രണയത്തിന്റെ മാസ്മരികതയില്‍ അലിയിച്ച താരാപഥവുമൊന്നും എത്ര പാട്ടുകള്‍ വന്നാലും മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല.

അത്രയേറെ മനസ്സില്‍ ഇടംനേടിയിട്ടുണ്ട്. പ്രിയ എസ്പിബിയെ പോലെ മറ്റൊരു ഗായകനും നമ്മെ അതിശയിപ്പിച്ചിട്ടുണ്ടാവില്ല, കാരണം സംഗീതലോകത്ത് അദ്ദേഹത്തിന്റെ സംഭാവന അത്രത്തോളം വിലപ്പെട്ടതുതന്നെയായിരുന്നു. കാല്‍പനിക പ്രണയത്തിന്റെ കടലിരമ്പമാണ് ചിലപ്പോള്‍ ആ സ്വരം. മറ്റു ചിലപ്പോള്‍ വിരഹവേദനയില്‍ മഹാമൗനത്തിന്റെ താഴ്വരയിലേക്ക് കൈപിടിക്കും. അല്ലെങ്കില്‍ മനസ്സില്‍ എന്തെന്നറിയാത്ത ആനന്ദ വര്‍ഷം.

‘ശങ്കരാ…നാദശരീരാ പരാ വേദവിഹാരാ ഹരാ ജീവേശ്വരാ’ എന്ന് എസ്പിബി അനായാസേന പാടുമ്പോള്‍ ഒരുമാത്ര അത്ഭുതത്തോടെ നോക്കിയിരുന്നുകാണും നമ്മളില്‍ പലരും. ശാസ്ത്രീയ സംഗീതം പഠിക്കാതെയാണ് അദ്ദേഹം ശങ്കരാഭരണത്തിലെ ഗാനങ്ങള്‍ ആലപിച്ചതെന്ന് അറിയുമ്പോള്‍ ചിലപ്പോള്‍ അമ്പരപ്പ് തോന്നിയേക്കാം.

സംഗീതത്തോടുള്ള അര്‍പ്പണ മനോഭാവവും ആത്മവിശ്വാസവുമാണ് അദ്ദേഹത്തെ പൂര്‍ണനാക്കിയത്. ‘പൂര്‍ണത കൈവരിക്കാന്‍ ബാലു പ്രകടിപ്പിച്ച കഴിവാണ് വളര്‍ച്ചയുടെ മുതല്‍ക്കൂട്ട്’ എന്നായിരുന്നു സംഗീത സംവിധായകന്‍ എം.എസ്. വിശ്വനാഥന്‍ ഒരിക്കല്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തെക്കുറിച്ചു പറഞ്ഞത്.

ഹരികഥ പാടി നടന്ന എസ്.പി. സാംബമൂര്‍ത്തിയാണ് പിതാവ്. മകന്‍ ഒരു ഗായകനാകണമെന്ന് ഒരിക്കലും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍, ബാലുവിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതായിരുന്നു സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശം. വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹം ഇന്നത്തെ എസ്പിബിയിലേക്ക് എത്തിയത്.

ഇളയരാജയ്‌ക്കൊപ്പം സംഗീത പരിപാടികള്‍ അവതരിപ്പിച്ചു. അതിനിടെയാണ് തെലുങ്ക് സംഗീത സംവിധായകന്‍ കോദണ്ഡപാണിയുടെ ‘ശ്രീശ്രീ ശ്രീ മര്യാദ രാമണ്ണ’യില്‍ പാടാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചത്. എന്നാല്‍ അതില്‍ അദ്ദേഹം തൃപ്തനായില്ല.

എംജിആറിന്റെ ‘അടിമൈപ്പെണ്’ എന്ന ചിത്രത്തില്‍ ‘ആയിരം നിലാവേ വാ’ എന്ന ഗാനം പാടി അരങ്ങേറ്റം. പിന്നീടങ്ങോട്ട് റെക്കോര്‍ഡുകളുടെ പെരുമഴയായിരുന്നു. നാലു പതിറ്റാണ്ടു കൊണ്ട് പാടിത്തീര്‍ത്തത് 40,000ല്‍ അധികം ഗാനങ്ങള്‍. നാലു ഭാഷകളിലായി ആറുതവണ ദേശീയ പുരസ്‌കാരം നേടിയ അതുല്യ പ്രതിഭ.

രാജ്യം പദ്മശ്രീയും പദ്മഭൂഷണും നല്‍കി ആദരിച്ച സംഗീത മാന്ത്രികന്‍. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്‌കൃതം, തുളു, മറാത്തി, പഞ്ചാബി അങ്ങനെ ഒട്ടേറെ ഭാഷകളില്‍ സ്വരം പടര്‍ത്തി എസ്പിബി.

ബംഗളൂരുവിലെ ഒരു റെക്കോര്‍ഡിങ് തിയറ്ററില്‍ രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെ എസ്പിബി പാടിയത് 21 പാട്ടുകള്‍. ഒറ്റദിവസം കൊണ്ടു 19 തമിഴ് ഗാനങ്ങള്‍, 16 ഹിന്ദി ഗാനങ്ങള്‍ എന്നിങ്ങനെ പാട്ടില്‍ ഹരം കൊണ്ട് എസ്പിബി നടത്തിയ സാഹസങ്ങള്‍ തുടര്‍ന്നു. ഒരുദിവസം ശരാശരി ആറുഗാനമെങ്കിലും പാടി.

അങ്ങനെ ഒരുവര്‍ഷം രണ്ടായിരത്തിലധികം ഗാനങ്ങള്‍. ഏറ്റവും കൂടുതല്‍ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തതിന്റെ ഗിന്നസ് റെക്കോര്‍ഡ് കൂടി അദ്ദേഹം സ്വന്തമാക്കി. അതുല്യനായ ഗായകനായിരിക്കെത്തന്നെ നടന്‍, സംഗീതസംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അങ്ങനെ ചലച്ചിത്രരംഗത്ത് അദ്ദേഹം തകര്‍ത്താടി. ഇന്ന് ഈ ലോകത്ത് നിന്ന് അദ്ദേഹം വിടവാങ്ങിയെങ്കിലും ആരാധകരുടെ മനസ്സില്‍ ഇനിയും വര്‍ഷങ്ങളോളം അദ്ദേഹം ജീവിക്കും.

Exit mobile version