കോവിഡ് വാര്‍ത്ത പുറത്തുവിട്ട ചൈനീസ് മാധ്യമപ്രവര്‍ത്തക ജയിലില്‍ മരണത്തിന്റെ വക്കിലെന്ന് കുടുംബം

ബെയ്ജിങ് : ചൈനയിലെ കോവിഡ് വ്യാപനത്തിന്റെ വാര്‍ത്ത പുറത്തുവിട്ടതിന് ജയിലിലായ മാധ്യമപ്രവര്‍ത്തക ഷാങ് ഷാന്‍ മരണത്തിന്റെ വക്കിലെന്ന് കുടുംബം. ഷാങിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും എത്രയും പെട്ടന്ന് അവരെ മോചിപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് വുഹാനില്‍ നിന്ന് ഷാങ് കോവിഡ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വ്യാപനത്തില്‍ സര്‍ക്കാരിനെ ചോദ്യം ചെയ്തുകൊണ്ടുള്ള നിരവധി വീഡിയോകളും പുറത്തുവിട്ടു. ഇതിന് പിന്നാലെ മേയില്‍ ഷാങ്ങിനെ ജയിലിലടച്ചു. കലാപത്തിന് ആഹ്വാനം ചെയ്യുകയും പ്രശ്‌നങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന കുറ്റത്തിന് ഡിസംബറോടെ 4 ജയില്‍ശിക്ഷ വിധിക്കുകയായിരുന്നു.

ഷാങ്ങിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അവള്‍ അധികകാലം ജീവിക്കില്ലെന്നും സഹോദരന്‍ ഷാങ് ജു പറഞ്ഞു. “ഷാങ്ങിന്റെ ഭാരം കുറഞ്ഞു. നേസല്‍ ട്യൂബ് വഴി ഇപ്പോള്‍ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുകയാണ്. അവളുടെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയില്ല. പക്ഷേ വരാനിരിക്കുന്ന ശൈത്യകാലത്തെ അവള്‍ അതിജീവിക്കുമെന്ന് തോന്നുന്നില്ല.” ഷാങ് ട്വിറ്ററില്‍ കുറിച്ചു.

ഷാങിന് ആവശ്യമായ വൈദ്യചികിത്സ നല്‍കണമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ചൈനീസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശങ്ങള്‍ക്കെതിരായ ലജ്ജാകരമായ ആക്രമണമാണ് ഷാങ്ങിന്റെ തടങ്കല്‍ എന്ന് ആംനെസ്റ്റി പ്രവര്‍ത്തകന്‍ വെന്‍ ലീ പറഞ്ഞു, നിരവധി മാധ്യമ സ്ഥാപനങ്ങളും മനുഷ്യാവകാശ സംഘടനകളും ഷാങിന്റെ മോചനത്തിനായി ശബ്ദമുയര്‍ത്തുന്നുണ്ട്.

ഷാങ്ങിന് തലയുയര്‍ത്താനോ പരസഹായം കൂടാതെ എഴുന്നേല്‍ക്കാനോ കഴിയാത്ത വിധം ആരോഗ്യസ്ഥിതി മോശമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാങ്ങിനെ സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ അധികാരികള്‍ക്ക് കത്തെഴുതിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ല.

Exit mobile version