പൂവ് ഒഴിവാക്കാൻ പറഞ്ഞ പിടി തോമസിന്റെ പൊതുദർശനത്തിന് ഒന്നരലക്ഷം രൂപയുടെ പൂവ്; തൃക്കാക്കര നഗരസഭയിൽ പൂക്കൾ കൈയ്യിലേന്തി പ്രതിഷേധം, അഴിമതി ആരോപണം

കൊച്ചി: പിടി തോമസ് എംഎൽഎയുടെ മൃതദേഹം പൊതുദർശനത്തിനു വെച്ചതിനായി ചെലവഴിച്ച തുകയെ ചൊല്ലി തൃക്കാക്കര നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം. പൂക്കൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്നും പിടി തോമസിനെ അപമാനിക്കുന്ന നടപടിയാണ് നഗരസഭ കാണിച്ചതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

നഗരസഭാ യോഗത്തിലേക്ക് പ്രതിപക്ഷം മാർച്ചും നടത്തി. ശനിയാഴ്ച നഗരസഭാ കൗൺസിൽ യോഗം ചേരുമ്പോൾ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധ സൂചകമായി പൂക്കൾ കൈയിൽ പിടിച്ചാണ് യോഗത്തിനെത്തിയതും.

പിടി തോമസ് എംഎൽഎയുടെ മൃതദേഹം പൊതുദർശനത്തിനുവെച്ചപ്പോൾ ഒന്നര ലക്ഷം രൂപയുടെ പൂക്കൾ വാങ്ങിയതിനെതിരെ പ്രതിപക്ഷം നഗരസഭാ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. തൃക്കാക്കര നഗരസഭയുടെ ഉടമസ്ഥതയിലുള്ള തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലാണ് പി ടിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചത്. കമ്മ്യൂണിറ്റി ഹാളും മൃതദേഹം വെച്ച മേശയും അലങ്കരിക്കാൻ 1,27,000 രൂപയുടെ പൂക്കൾ വാങ്ങിയെന്ന കണക്കുകൾ നേരത്തെ പുറത്തുവന്നിരുന്നു.

Also Read-ബലാത്സംഗ കേസ് പ്രതിയെ വെറുതെ വിട്ടത് അംഗീകരിക്കില്ല; ജീവൻ പണയം വെച്ചാണ് ഇര മൊഴി നൽകിയത്, അപ്പീൽ പോകുമെന്ന് മുൻ എസ്പി; ഞെട്ടൽമാറാതെ പ്രോസിക്യൂഷൻ

ഇതിൽ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷാംഗങ്ങൾ മാർച്ചും പ്രതിഷേധവും നടത്തിയത്. പൂക്കൾ ഉപയോഗിക്കരുതെന്നും ഒരിലപോലും പറിക്കരുതെന്നും അന്ത്യാഭിലാഷത്തിൽ പറഞ്ഞിരുന്ന പിടി തോമസിനെ അപമാനിക്കുന്ന നടപടിയാണിതെന്നാണ് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. ഇത്രയും വലിയ തുക ചെലവഴിക്കുമ്പോൾ പ്രതിപക്ഷവുമായി ആലോചിക്കാത്തതിൽ അഴിമതിയുണ്ടെന്നാണ് മറ്റൊരു ആരോപണം.

Exit mobile version