ഷാൻ കൊലപാതകത്തിൽ മുഖ്യപ്രതികളായ അഞ്ച് പേർ പിടിയിൽ; എല്ലാവരും ആർഎസ്എസ് പ്രവർത്തകർ

ആലപ്പുഴ: ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് ഷാൻ കൊലക്കേസിൽ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്ത അഞ്ച് പേർ പോലീസ് പിടിയിൽ. അതുൽ, ജിഷ്ണു, അഭിമന്യു, വിഷ്ണു, സനന്ത് എന്നിവരാണ് കേരളാ പോലീസിന്റെ കസ്റ്റഡിയിലായത്. ഈ അഞ്ചുപേരാണ് കൃത്യം നിർവഹിച്ചതെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. ആർഎസ് എസ് പ്രവർത്തകരാണ് പിടിയിലായ എല്ലാവരും.

Also Read-യുപിയിലെ സുഗന്ധ വ്യാപാരിയുടെ വീട്ടിൽ റെയ്ഡ്; എണ്ണിയാലൊടുങ്ങാത്ത പണം കണ്ടെടുത്തു; ഇതുവരെ തിട്ടപ്പെടുത്തിയത് 150 കോടി
നേരത്തെ ഷാനിനെ കൊലപ്പെടുത്തിയ സംഘത്തിന് കാർ ഉപേക്ഷിച്ചശേഷം രക്ഷപ്പെടാൻ ആംബുലൻസ് വാഹനം ഒരുക്കിയ ആർഎസ്എസ് പ്രവർത്തകൻ അഖിലടക്കം പിടിയിലായിരുന്നു. കാർ സംഘടിപ്പിച്ച് നൽകിയ രാജേന്ദ്രപ്രസാദിനെയും രതീഷിനെയും പോലീസ് പിടികൂടിയിട്ടുണ്ട്. പ്രതികളെത്തിയ കാർ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്.

പ്രതികൾ ജില്ല വിട്ടിട്ടില്ലെന്ന് നേരത്തെ കേരളാ പോലീസിന് വ്യക്തമായിരുന്നു. അരൂരിൽ വെച്ചാണ് പ്രതികളിൽ മൂന്ന് പേരെ പിടികൂടിയത്. മറ്റ് രണ്ട് പേർ കൈനകരിയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിയവേയാണ് പിടിയിലായത്. ആലപ്പുഴ മണ്ണഞ്ചേരിയിൽ വെച്ചാണ് എസ്ഡിപിഐ പ്രവർത്തകനായ ഷാൻ ആക്രമിക്കപ്പെട്ടത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

അതേ സമയം രഞ്ജീത് വധക്കേസിൽ പ്രതികളെ തിരഞ്ഞ് അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് പോവുകയാണ്. കൊലയാളി സംഘത്തിന് സംസ്ഥാനത്തിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Exit mobile version