‘ആശ്വാസം’; പത്തനംതിട്ടയില്‍ പത്ത് പേര്‍ക്ക് കൊറോണയില്ല; ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്ന പത്ത് പേരുടെ പരിശോധന ഫലം നെഗറ്റീവ്

പത്തനംതിട്ട: കൊവിഡ് 19 ലക്ഷണങ്ങളുമായി പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ 10 പേര്‍ക്ക് കൊറോണയില്ല. ഇവരുടെ സ്രവ പരിശോധന ഫലത്തില്‍ നെഗറ്റീവാണ് കാണിച്ചിരിക്കുന്നത്. പരിശോധന ഫലം നെഗറ്റീവായ പത്ത് പേരില്‍ അഞ്ച് പേരെ ഇതിനോടകം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്ന പതിനാല് പേരുടെ പരിശോധനഫലമാണ് ഇനി ലഭിക്കാനുള്ളത്. രോഗലക്ഷണങ്ങളുമായി 24 പേരാണ് ചികിത്സയിലുള്ളത്.

അതെസമയം രോഗബാധ കണ്ടെത്തിയ റാന്നിയിലെ വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ഭക്ഷണവും വെള്ളവും ജില്ലാ ഭരണകൂടം എത്തിച്ചു നല്‍കും. ഭക്ഷണവും വെള്ളവും എത്തിക്കാന്‍ ജനപ്രതിനിധികളുടെ യോഗത്തില്‍ കലക്ടര്‍ നിര്‍ദേശം നല്‍തി. 900 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്.

അതെസമയം കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ അവഗണിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. സമ്പര്‍ക്ക പട്ടികയിലുണ്ടായിട്ടും വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാതെ പുറത്തിറങ്ങിയവരുടെ വിവരങ്ങള്‍ ജില്ലാ ഭരണകൂടം പോലീസിന് കൈമാറിയിട്ടുണ്ട്.

Exit mobile version