യുഎഇ പ്രവാസികളുടെ ശ്രദ്ധയ്ക്ക്; വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ സ്മാർട്ട് ടാഗ് നിർബന്ധം

അബുദാബി: യുഎഇയിൽ ഇനി വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ സ്മാർട് ടാഗ് സംവിധാനം നിർബന്ധം. അഡ്നോക് പമ്പുകളിലാണ് ഈ സംവിധാനം നിർബന്ധമാക്കുന്നത്. അതുകൊണ്ടുതന്നെ ഉപഭോക്താക്കളോട് സ്മാർട് സംവിധാനത്തിലേക്ക് മാറണമെന്ന് അഡ്നോക് ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുകയാണ്. സ്മാർട് ടാഗ് സംവിധാനം നിലവിലുണ്ടെങ്കിലും ഇതുവരെ സംവിധാനം നിർബന്ധമാക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ കൂടുതൽ പേർ ഇപ്പോഴും പണം നൽകിയും കാർഡ് ഉപയോഗിച്ചുമാണ് ഇന്ധനം നിറയ്ക്കുന്നത്.

സ്മാർട് ടാഗ് ഫിറ്റ് ചെയ്ത വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ സഹായിയുടെ ആവശ്യം തേടേണ്ടതില്ല. ക്രെഡിറ്റ്/ഡബിറ്റ് കാർഡ് ഇൻസർട്ട് ചെയ്യാനോ പണം നൽകാനോ കാത്തുനിൽക്കേണ്ടതില്ല. പെട്രോൾ സ്റ്റേഷനിലെത്തി സ്വയം ഇന്ധനം നിറച്ച് മടങ്ങാം. ഫ്യുയൽ ടാങ്കിനടുത്ത് സ്ഥാപിച്ച സ്മാർട് ടാഗ് അടിച്ച എണ്ണയുടെ അളവ് സ്‌കാൻ ചെയ്ത് സ്‌കാനർ വഴി ചെയ്ത് നിശ്ചിത തുക അക്കൗണ്ടിൽനിന്ന് ഈടാക്കും. രജിസ്റ്റർ ചെയ്ത വാഹന ഉടമകൾക്കു തൽക്കാലം സ്മാർട് ടാഗ് സ്ഥാപിക്കാൻ സാധിച്ചില്ലെങ്കിലും എമിറേറ്റ്സ് ഐഡി ഉപയോഗിച്ച് പെട്രോൾ അടിക്കാനും സാധനം വാങ്ങാനും സാധിക്കും. ക്രെഡിറ്റ് കാർഡിന് പകരം എമിറേറ്റ്സ് ഐഡി സ്‌കാൻ ചെയ്യണമെന്നു മാത്രം.

സ്മാർട് ടാഗിൽ രജിസ്റ്റർ ചെയ്ത അക്കൗണ്ടിൽനിന്ന് നിശ്ചിത തുക സ്വമേധയാ ഈടാക്കുന്നതാണ് പദ്ധതി. അക്കൗണ്ടിൽ പണം തീർന്നാൽ വിവരം എസ്എംഎസ് വഴി ഇടപാടുകാരെ അറിയിക്കും. ഇതോടെ ബാങ്ക് അക്കൗണ്ടിൽനിന്നോ നേരിട്ടോ പണം നിറയ്ക്കാം. സ്മാർട് സംവിധാനം ഉപയോഗിച്ച് അഡ്നോക് സർവീസ് സ്റ്റേഷനുകളിൽനിന്ന് സാധനങ്ങൾ വാങ്ങാനും വാഹനം കഴുകാനും വാഹന പിഴ അടയ്ക്കാനും സാധിക്കും.

പ്രാദേശിക ഇന്ധന വിതരണവും പൂർണമായി സ്മാർട് സംവിധാനത്തിലാക്കുന്നതിന് മുന്നോടിയായാണ് രജിസ്ട്രേഷൻ നിർബന്ധമാക്കുന്നതെന്ന് അഡ്നോക് ജീവനക്കാർ വിശദീകരിക്കുന്നു.

Exit mobile version