ചരിത്രം തിരുത്തി വീണ്ടും സൗദി വനിത; രാജ്യത്തെ ആദ്യ വനിതാ പൈലറ്റായി യാസ്മിന്‍ മൈമനി

ലൈസന്‍സ് കിട്ടി ആറു വര്‍ഷത്തോളം കോ- പൈലറ്റായി സേവനം അനുഷ്ഠിക്കുകയായിരുന്നു യാസ്മിന്‍.

ജിദ്ദ: വീണ്ടും സൗദി അറേബ്യയില്‍ വനിതകളുടെ ചരിത്രക്കുതിപ്പ്. സൗദി അറേബ്യയിലെ ആദ്യത്തെ വനിതാ പൈലറ്റ് പദവിയി സ്വന്തമാക്കി മറ്റൊരു ചരിത്ര നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് യാസ്മിന്‍ അല്‍-മൈമനി എന്ന സൗദി യുവതി.

സ്വകാര്യ വിമാനക്കമ്പനിയായ ‘നസ്മ ‘ എയര്‍വേസിന്റെ അല്‍ഖസീം തബൂക്കിലാണ് സൗദി സ്വദേശിനിയായ യാസ്മീന്‍ മൈമനി കഴിഞ്ഞ ദിവസം വിമാനം നിയന്ത്രിച്ച് സ്വപ്‌നം സാക്ഷാത്കരിച്ചത്. ഉപരിപഠനം കഴിഞ്ഞു സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ലൈസന്‍സ് കിട്ടി ആറു വര്‍ഷത്തോളം കോ- പൈലറ്റായി സേവനം അനുഷ്ഠിക്കുകയായിരുന്നു യാസ്മിന്‍. പൈലറ്റാവണമെന്ന അതിയായ ആഗ്രഹം ഇപ്പോഴാണ് പൂര്‍ത്തിയാക്കിയതെന്നു യാസ്മിന്‍ പറയുന്നു.

കഴിഞ്ഞ മാര്‍ച്ച് മാസമാണ് നസ്മ എയര്‍ക്രാഫ്റ്റില്‍ പരിശീലകയായി യാസ്മിന്‍ കയറിയത്. പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കുകയും എല്ലാ പരീക്ഷയിലും മികച്ചനേട്ടം കൈവരിക്കുകയും ചെയ്തതോടെ വിമാനം പറത്തുവാനുള്ള അവസരം നല്‍കുകയായിരുന്നു യാസ്മിന്. തങ്ങള്‍ പരിശീലീപ്പിച്ച പതിനൊന്ന് പേരില്‍ യാസ്മീന്‍ മൈമനിയാണ് മികച്ച പ്രകടനം കാഴ്ചവെച്ചതെന്ന് നസ്മയുടെ ഓപ്പറേഷന്‍ മാനേജര്‍ അഹ്മദ് ജുഹനിയും പറയുന്നു.

മാറ്റത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന സൗദിയിലിപ്പോള്‍ വനിതകള്‍ക്കും വാഹനമോടിക്കാനും ലൈസന്‍സ് സ്വന്തമാക്കാനും അവകാശമുണ്ട്. കഴിഞ്ഞവര്‍ഷമാണ് ലൈസന്‍സ് വനിതകള്‍ക്കും അനുവദനീയമാക്കിയത്. ഒപ്പം, പുറത്തിറങ്ങുമ്പോള്‍ മാന്യമായ വസ്ത്രം ധരിച്ചാല്‍ മതിയെന്നും ബുര്‍ഖ നിര്‍ബന്ധമില്ലെന്നും സൗദി ഭരണകൂടം നിര്‍ദേശിച്ചിരുന്നു.

Exit mobile version