അവധിക്കാലത്ത് കണ്ണൂരിലേക്ക് പറക്കാം; ഗള്‍ഫില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍

കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍.

ദുബായ്: കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍. ഗള്‍ഫ് മേഖലയില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് സിഇഒ കെ ശ്യാം സുന്ദര്‍ ദുബായിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള ആഴ്ചയില്‍ 621 വിമാനങ്ങളെന്നത് മാര്‍ച്ച് 31ന് വേനല്‍ക്കാല ഷെഡ്യൂള്‍ ആരംഭിക്കുന്നതോടെ 653 സര്‍വീസുകളായി ഉയരും. എയര്‍ക്രാഫ്റ്റുകളുടെ ഉപയോഗം വര്‍ധിപ്പിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കുക. ദിവസം 13.3 മണിക്കൂര്‍ പ്രവര്‍ത്തനക്ഷമത എന്നത് 13.4 ആക്കി വര്‍ധിപ്പിക്കും.

ആഴ്ചയില്‍ നാലു തവണയുള്ള കണ്ണൂര്‍-ഷാര്‍ജ സര്‍വീസ് പ്രതിദിനമാക്കും. അബുദാബി കണ്ണൂര്‍ മേഖലയിലും കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തും. തിങ്കളാഴ്ചകളിലും വെള്ളിയാഴ്ചകളിലും രണ്ട് വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഐ എക്സ് 713 കണ്ണൂര്‍-മസ്‌കറ്റ് റൂട്ടില്‍ ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസുകളുണ്ടാകും. കണ്ണൂരില്‍ നിന്ന് വൈകീട്ട് 5.35ന് പുറപ്പെടുന്ന വിമാനം മസ്‌കറ്റില്‍ വൈകീട്ട് 7.50ന് എത്തും. മസ്‌കറ്റില്‍ നിന്ന് 8.50ന് പുറപ്പെട്ട് കണ്ണൂരില്‍ പുറ്റേന്ന് പുലര്‍ച്ചെ 2.05ന് എത്തും. കണ്ണൂരിലേക്കുള്ള യാത്രാ നിരക്ക് ഭീമമാണെന്ന് പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അതു മനപ്പൂര്‍വമല്ലെന്നും പറഞ്ഞ സിഇഒ കണ്ണൂരിലേക്ക് കോഴിക്കോടിനെ അപേക്ഷിച്ച് വിമാനങ്ങള്‍ കുറവായതാണ് കാരണമെന്ന് വിശദീകരിച്ചു. നിരക്ക് കുറക്കാന്‍ സാധ്യമായതെല്ലാം ചെയ്യാമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് കൊടുത്തിട്ടുണ്ട്.

Exit mobile version