കുവൈറ്റ് കുടുംബ-ടൂറിസ്റ്റ് വിസകള്‍ പുനരാരംഭിച്ചു; ആശ്വാസത്തില്‍ പ്രവാസികള്‍

കുവൈറ്റ് സിറ്റി: ഏറെക്കാലമായി നിര്‍ത്തിവെച്ചിരുന്ന കുടുംബ, വാണിജ്യ, ടൂറിസ്റ്റ് സന്ദര്‍ശനങ്ങള്‍ക്കുള്ള പ്രവേശന വിസകള്‍ കുവൈറ്റ് പുനരാരംഭിക്കുന്നു. വിവിധ റെസിഡന്‍സ് അഫയേഴ്സ് വകുപ്പുകള്‍ ഇതിനായുള്ള അപേക്ഷകള്‍ ബുധനാഴ്ച മുതല്‍ സ്വീകരിച്ച് തുടങ്ങും. കുവൈറ്റത്തില്‍ പുതിയ വ്യവസ്ഥകളോടെയാണ് സന്ദര്‍ശക വിസകള്‍ പുനരാരംഭിച്ചിരിക്കുന്നത്. സന്ദര്‍ശനവിസയില്‍ 53 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് കുവൈറ്റിലേക്ക് പ്രവേശിക്കാം.

ആഭ്യന്തര സഹമന്ത്രി ശൈഖ് ഫഹദ് യൂസഫ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. മെറ്റ പ്ലാറ്റ്ഫോം വഴി മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്ത് സന്ദര്‍ശന വിസക്ക് അപേക്ഷിക്കാം. ദീര്‍ഘകാലമായി നിര്‍ത്തിവെച്ച കുടുംബ സന്ദര്‍ശന വിസയും ടൂറിസ്റ്റ് വിസയും വീണ്ടും ആരംഭിക്കുന്നത് പ്രവാസികള്‍ക്ക് ഗുണകരമാകും.

കുടുംബ സന്ദര്‍ശന വിസയില്‍ അപേക്ഷകര്‍ക്ക് പിതാവ്, മാതാവ്, ഭാര്യ, മക്കള്‍ എന്നിവരെ കൊണ്ടുവരാം. അപേക്ഷകന് പ്രതിമാസ ശമ്പളം 400 ദിനാറില്‍ കുറവാകരുത് എന്ന് വ്യവസ്ഥയുണ്ട്. മറ്റ് ബന്ധുക്കളെ എത്തിക്കുന്ന അപേക്ഷകന് പ്രതിമാസ ശമ്പളം 800 ദിനാറില്‍ കുറയരുത്. താമസകാലയളവ് ലംഘിക്കുന്ന സന്ദര്‍ശകനും സ്പോണ്‍സര്‍ക്കുമെതിരെ നിയമ നടപടിയെടുക്കുമെന്നും നിബന്ധനകളില്‍ പറയുന്നു.

also read-ഒമാനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചുതെറിപ്പിച്ചു; കൊല്ലം സ്വദേശി മരണപ്പെട്ടു

അതേസമയം, സന്ദര്‍ശകര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ അനുവദിക്കില്ല. ഇവര്‍ ചികിത്സക്കായി സ്വകാര്യ ആശുപത്രികളെയും ആരോഗ്യ കേന്ദ്രങ്ങളെയും ആശ്രയിക്കണം. സന്ദര്‍ശകര്‍ കാലയളവ് പാലിക്കുമെന്ന് രേഖാമൂലം സത്യാവാങ്മൂലവും നല്‍കണം. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് http://moi.gov.kw വഴി ടൂറിസ്റ്റ് സന്ദര്‍ശന വിസക്ക് അപേക്ഷിക്കാം.

Exit mobile version