യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയോട് കടുത്ത ആരാധന; മലപ്പുറം സ്വദേശി യുഎഇയിൽ ഓടിയത് 1600 കിലോമീറ്റർ!

ഷാർജ: യുഎഇയുടെ ബഹിരാകാശ സഞ്ചാരി ഡോ. സുൽത്താൻ അൽ നെയാദിയോടുള്ള ബഹിരാകാശത്തോളം ഉയർന്ന ആരാധന കാരണം മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ് ഓടിത്തീർത്തത് 1600 കിലോമീറ്റർ. മലപ്പുറം തിരൂർ സ്വദേശി ഫിറോസ് ബാബു മുണ്ടേക്കാട്ട് (44) ആണ് അൽ നെയാദിയുടെ ആറുമാസം നീണ്ടുനിന്ന ദീർഘകാല ബഹിരാകാശ ദൗത്യത്തിനൊപ്പം ദുബായിൽ 1600 കിലോമീറ്റർ ഓടിയത്.

അൽ നെയാദി ദൗത്യം ആരംഭിച്ച മാർച്ച് മൂന്നിന്റെ തലേന്നാണ് ഫിറോസ് ബാബു ഓട്ടം ആരംഭിച്ചത്. ദിവസവും അദ്ദേഹത്തിനോടുള്ള ആരാധനയ്ക്കായി 10 കിലോമീറ്റർ ദൂരം ഓടുകയെന്നതായിരുന്നു തീരുമാനം. ദേരയിൽ നിന്നും ഓട്ടംതുടങ്ങിയ ഫിറോസ് ബാബു എല്ലാ ദിവസവും ഓടിയസമയവും ദൂരവുമെല്ലാം ആപ്പിൽ രേഖപ്പെടുത്തി വെച്ചു.

തനിക്ക് ഭൂമിയിൽനിന്ന് ബഹിരാകാശത്തോളം ഉയരുന്നതാണ് സുൽത്താൻ അൽ നെയാദിയോടുള്ള ആരാധനയെന്നാണ് ഫിറോസ് ബാബു പറയുകയാണ്. അതേസമയം, നെയാദി ദൗത്യം പൂർത്തിയാക്കി ഭൂമിയിലിറങ്ങിയ തിങ്കളാഴ്ച ദുബായിൽനിന്ന് അബുദാബിവരെ ഓടാൻ ആഗ്രഹിച്ചെങ്കിലും മോശം കാലാവസ്ഥ കാരണം ഫിറോസ് ബാബുവിന് ഓടാനായില്ല.

അതികഠിനമായ ചൂട് ദൗത്യത്തിൽ നിന്നും പിന്തിരിപ്പിച്ചെങ്കിലും 1600 കിലോമീറ്റർ ഓടിത്തീർക്കാനായതിന്റെ ചാരുതാർത്ഥ്യത്തിലാണ് ഈ പ്രവാസി യുവാവ്.

ALSO READ- പ്രതി സ്ഥിരം കുറ്റവാളി; ആലുവയിൽ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി മോഷണക്കേസിലും പ്രതി, അലഞ്ഞുനടക്കുന്ന സ്വഭാവമുള്ളയാൾ

പതിനാല് വർഷത്തോളമായി ദുബായിൽ ഡ്രാഫ്റ്റ്‌സ്മാൻ ആണ് ഫിറോസ് ബാബു. 2020-ൽ 19 മണിക്കൂർകൊണ്ട് 100 കിലോമീറ്റർ ഓടിയിരുന്നു. യുഎഇയുടെ അമ്പതാം ദേശീയദിനത്തിന് 29 മണിക്കൂർകൊണ്ട് 169 കിലോമീറ്റർ ദൂരം ഓടിയും ആഘോഷമാക്കിയിരുന്നു. യുഎഇയിലെ പ്രമുഖമായ ഓട്ടക്കാരുടെ ക്ലബുകളിൽ അംഗമാണ് ഫിറോസ് ബാബു.

Exit mobile version