ഖഷോഗ്ജി തിരോധാനം: മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്ഥാനമൊഴിയണമെന്ന് സൗദി പണ്ഡിതരുടെ സംഘടന; എല്ലാ അനീതിയ്ക്കും ഉത്തരവാദി രാജകുമാരനെന്നും വിമര്‍ശനം

റിയാദ്: സൗദി ഭരണകൂട വിമര്‍ശകനായിരുന്ന ജമാല്‍ ഖഷോഗ്ജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തം ഏറ്റെടുത്ത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്ഥാനമൊഴിയണമെന്ന് ഒരു സംഘം സൗദി പുരോഹിതന്മാര്‍. സൗദി സ്‌കോളേഴ്സ് അസോസിയേഷന്‍ വ്യാഴാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഖഷോഗ്ജിയുടെ ക്രൂരമായ കൊലപാതകത്തില്‍ ബിന്‍ സല്‍മാനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് സൗദി പണ്ഡിതര്‍ ഇക്കാര്യം ആവശ്യപ്പെടുന്നത്. മൂല്യങ്ങള്‍ക്കും ധാര്‍മ്മികയ്ക്കും എതിരാണ് ഈ സംഭവമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അഴിമതിക്കെതിരായ നടപടിയെന്ന അവകാശവാദത്തോടെ ആക്ടിവിസ്റ്റുകള്‍ക്കെതിരെ സൗദി സര്‍ക്കാര്‍ നടപ്പിലാക്കിയ അടിച്ചമര്‍ത്തല്‍ നീക്കത്തിന്റെ ഭാഗമായി അറസ്റ്റിലായ പണ്ഡിതരെയും നവോത്ഥാന നേതാക്കന്മാരെയും എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും ഇവര്‍ കത്തില്‍ ആവശ്യപ്പെടുന്നു.

‘സൗദി ഇപ്പോള്‍ നേരിടുന്ന അനീതിയ്ക്കും പ്രതിഷേധങ്ങള്‍ക്കും കാരണം കിരീടാവകാശി സ്ഥാനത്തിന്റെ ബലത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തുന്ന അനീതിയും തെറ്റായ നയങ്ങളുമാണ്. ‘ എന്നും കത്തില്‍ പറയുന്നു.

ഖഷോഗ്ജിയ്ക്ക് നീതി നടപ്പിലാക്കണമെന്നു പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.

Exit mobile version