ആദ്യമായി സ്വന്തം പേരിലെടുത്ത ടിക്കറ്റിലൂടെ 44.75 കോടി ലീന ജലാലിന്; വിശ്വസിക്കാനാകാതെ ഈ ചാവക്കാട്ടുകാരി; ബിഗ് ടിക്കറ്റ് അഞ്ച് സമ്മാനങ്ങളും ഇന്ത്യക്കാർക്ക്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യം തെളിഞ്ഞ് മലയാളികൾ. ആദ്യത്തെ അഞ്ചു സമ്മാനങ്ങളും സ്വന്തമാക്കിയത് ഇന്ത്യക്കാരാണ്. കൂട്ടത്തിൽ 44.75 കോടി രൂപയുടെ സമ്മാനം സ്വന്തമാക്കിയ ലീന ജലാലുമുണ്ട്. തനിക്ക് ഇനിയും ഇത്രയും വലിയ തുക സമ്മാനമടിച്ചത് വിശ്വസിക്കാനാകുന്നില്ലെന്നാണ് ലീന ജലാൽ പറയുന്നത്.

‘ദൈവത്തിനു നന്ദി. വാക്കുകൾ കിട്ടുന്നില്ല. എന്തു പറയണമെന്നറിയില്ല. ഒരു വർഷമായി സുഹൃത്തുക്കൾ ചേർന്ന് ടിക്കറ്റ് എടുക്കുന്നുണ്ട്. എന്നാൽ സ്വന്തം പേരിൽ ആദ്യമായാണ് ടിക്കറ്റ് എടുക്കുന്നത്. സമ്മാനം അടിച്ചുവെന്ന് വിളി വന്നപ്പോൾ വ്യാജ കോളാണെന്നാണ് കരുതി. വിശ്വസിക്കാൻ ഏറെ സമയമെടുത്തു.’-ചാവക്കാട് അഞ്ചങ്ങാടി സ്വദേശിനിയായ ലീന പറയുന്നു.

2.2 കോടി ദിർഹമാണ് (44.75 കോടി രൂപ) ലീനയും സഹപ്രവർത്തകരായ ഒമ്പതു പേരും ചേർന്നെടുത്ത ടിക്കറ്റിന് അടിച്ചത്. നാലു വർഷമായി അബുദാബിയിലെ ഷൊയ്ഡർ പ്രോജക്ട് ഇലക്ട്രോണിക് മെക്കാനിക്കൽ എൽഎൽസി എച്ച്ആർ ഉദ്യോഗസ്ഥയാണ് ലീന. ജനുവരി 27 നു വാങ്ങിയ 144387 നമ്പർ ടിക്കറ്റിനാണ് ഭാഗ്യം ലീനയെ തേടിയെത്തിയത്. ബിഗ് ടിക്കറ്റ് ഹോസ്റ്റ് റിച്ചാർഡ് തന്നെ നേരിട്ട് വിളിച്ചാണ് ഇവരെ സമ്മാനർഹയായെന്ന വാർത്ത വിളിച്ചറിയിച്ചത്.

ALSO READ- ‘ഞാനൊക്കെ മരിച്ചാൽ കൊണ്ട് പോകാൻ ഇക്ക ഉണ്ടാകുമല്ലോ’, എന്ന് തമാശയായി പറഞ്ഞ 24കാരന്റെ മൃതദേഹം ഷാർജയിൽ നിന്നും അയക്കേണ്ടി വന്നു; കണ്ണീരോടെ അഷ്‌റഫ് താമരശ്ശേരി

ഇന്നലെ നടന്ന നറുക്കെടുപ്പിൽ അഞ്ചു സമ്മാനങ്ങളും ഇന്ത്യയ്ക്കാർക്ക് തന്നെയാണ് ലഭിച്ചത്. സുറൈഫ് സുറു ഒരു മില്യൺ ദിർഹം നേടി. സിൽജോൺ യോഹന്നാൻ (അഞ്ചു ലക്ഷം ദിർഹം), അൻസാർ സക്കരിയ മൻസിൽ (2.5 ലക്ഷം ദിർഹം), ദിവ്യ എബ്രഹാം (ഒരു ലക്ഷം ദിർഹം) എന്നിവരാണ് മറ്റു ജേതാക്കൾ. മലപ്പുറം ജില്ലക്കാരനാണ് സുറൈഫ്. 29 പേരുമായി ചേർന്നാണ് ഇദ്ദേഹം ടിക്കറ്റെടുത്തതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. റാസൽഖൈമയിൽ എഞ്ചിനീയറാണ് ഇദ്ദേഹം. ഡ്രീം കാർ സീരീസിൽ ബംഗ്ലാദേശ് സ്വദേശി നാസിറുദ്ദീൻ റേഞ്ച് റോവർ ഇവോക് കാർ സ്വന്തമാക്കി.

Exit mobile version