അബുദാബി ബിഗ് ടിക്കറ്റ് വീണ്ടും ഭാഗ്യം കൊണ്ടുവന്നത് മലയാളിക്ക്; 50 കോടിയുടെ ഒന്നാം സമ്മാനം നേടി മലപ്പുറത്തെ ഹരിദാസൻ

അബുദാബി: വീണ്ടും ലോട്ടറിയുടെ രൂപത്തിൽ ഭാഗ്യദേവതയുടെ കടാക്ഷം ആവോളം ലഭിച്ച് പ്രവാസി മലയാളി. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ 25 ദശലക്ഷം ദിർഹത്തിന്റെ (ഏതാണ്ട് 50 കോടിയിലേറെ രൂപ) ഒന്നാം സമ്മാനം മലപ്പുറം സ്വദേശിയായ ഹരിദാസൻ നേടി.

ബിഗ് ടിക്കറ്റിന്റെ 235 സീരീസ് നറുക്കെടുപ്പാണ് ഹരിദാസനും 10 സുഹൃത്തുക്കൾക്കും പുതുവർഷത്തിൽ തന്നെ വൻ ഭാഗ്യം കൊണ്ടുവന്നത്. അബുദാബിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഹരിദാസൻ. 2008 മുതൽ യുഎഇയിലുള്ള ഹരിദാസൻ ഡിസംബർ 30ന് എടുത്ത 232976 എന്ന നമ്പറിലെ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ബിഗ് ടിക്കറ്റിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ സമ്മാനത്തുകയാണിത്.

‘ഈ സമ്മാനം വിശ്വസിക്കാൻ കഴിയാത്തതാണ്. വിജയി ആണെന്ന് പറഞ്ഞു ഫോൺ വരുമ്പോൾ ഞാൻ വീട്ടിലായിരുന്നു. ആദ്യം കരുതിയത് തമാശയാണെന്നാണ്. ഞാൻ സുഹൃത്തുക്കൾക്കൊപ്പമാണ് ഈ ടിക്കറ്റ് എടുത്തിരുന്നത്. അവരിൽ ചിലർ ലൈവായി നറുക്കെടുപ്പ് കാണുന്നുണ്ടായിരുന്നു. അവരിൽ ഒരാൾ അൽപസമയത്തിനു ശേഷം എന്നെ വിളിക്കുകയും നമ്മൾ കോടീശ്വരന്മാരായെന്ന് പറയുകയും ചെയ്തു. വല്ലാത്തൊരു അനുഭവമായിരുന്നു അത്’- സമ്മാനം ലഭിച്ചതിന്റെ ഞെട്ടലിൽ നിന്നും മുക്തമാകാത്ത ഹരിദാസൻ പറഞ്ഞു.

അതേസമയം, ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇന്ത്യക്കാരായ പ്രവാസികൾക്ക് തന്നെയാണ് രണ്ടും, മൂന്നും, നാലും, അഞ്ചും പ്രൈസുകൾ ലഭിച്ചത്. 20 ലക്ഷം ദിർഹത്തിന്റെ രണ്ടാം സമ്മാനത്തിനർഹനായത് ഇന്ത്യക്കാരനായ അശ്വിൻ അരവിന്ദാക്ഷനാണ്. ഡിസംബർ 16ന് എടുത്ത 390843 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനത്തിനർഹമായത്.

Also Read-ട്രെയിനിൽ പോലീസിന്റെ മർദ്ദനമേറ്റ പൊന്നൻ ഷമീർ കുഴപ്പക്കാരൻ, മാലപിടിച്ചു പറിക്കൽ, ഭണ്ഡാര മോഷണകേസുകളിലെ പ്രതി

മൂന്നാം സമ്മാനമായ 100,000 ദിർഹം നേടിയത് ഇന്ത്യക്കാരനായ ദീപക് രാംചന്ദ് ഭാട്ടിയയാണ്. ഇദ്ദേഹമെടുത്ത 096192 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനത്തിനർഹമായി. ഇന്ത്യയിൽ നിന്നുള്ള തേജസ് ഹാൽബേ എടുത്ത 291978 എന്ന ടിക്കറ്റാണ് നാലാം സമ്മാനമായ 90,000 ദിർഹം സ്വന്തമാക്കിയത്.

അഞ്ചാം സമ്മാനമായ 80,000 ദിർഹം സ്വന്തമാക്കിയത് ദിനേഷ് ഹാർലേയും 70,000 ദിർഹത്തിന്റെ ആറാം സമ്മാനം സ്വന്തമാക്കിയത് സുനിൽകുമാർ ശശിധരനുമാണ് ഇരുവരും ഇന്ത്യക്കാരാണ്. ബിഗ് ടിക്കറ്റിന്റെ ഡ്രീം കാർ പ്രൊമോഷനിലൂടെ കോനേറു മസെറാതി കാർ ഇന്ത്യയിൽ നിന്നുള്ള പ്രവാസിയായ അശോക് കുമാർ സ്വന്തമാക്കി.

Also Read-ഒമിക്രോൺ പിടിമുറുക്കുന്നു; കല്യാണത്തിനും മരണാനന്തര ചടങ്ങിനും 75 ആളുകൾ; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ

Exit mobile version