‘ഡൽഹിയിൽ കർഷക സമരത്തിന് പോയി തിരിച്ചെത്തുമെന്ന് ഉറപ്പില്ലെന്ന കാര്യം അവനെ അറിയിച്ചിരുന്നു’; മകന്റെ മൃതദേഹം നാട്ടിലേക്ക് അയക്കുകയാണ് എന്ന് പറഞ്ഞപ്പോൾ പിതാവിന്റെ മറുപടി: അഷ്‌റഫ് താമരശ്ശേരി

ashraf-thamarassery1

ദുബായ്: പ്രവാസി സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയുടെ കർഷക സമരം എത്രമാത്രം പഞ്ചാബിലെ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു എന്ന സോഷ്യൽമീഡിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. മകൻ മരിച്ച വിവരം പഞ്ചാബിലുള്ള പിതാവിനെ വിളിച്ച് അറിയിക്കുമ്പോൾ കർഷകനായ അദ്ദേഹം കർഷകസമരത്തിന്റെ ഭാഗമായി ഡൽഹിയിലായിരുന്നു എന്ന് അഷ്‌റഫ് താമരശ്ശേരി പറയുന്നു.

ഇന്ന് മകന്റെ മൃതദേഹം നാട്ടിലേക്ക് അയക്കുകയാണ് എന്ന് ആ പിതാവിനോട് പറഞ്ഞപ്പോൾ, അമൃതസറിലേക്ക് അയച്ചോളു, അവിടെ ആരെങ്കിലും പറഞ്ഞയക്കാം, താങ്കൾ വിമാനത്താവളത്തിലേക്ക് വരുന്നില്ലേ എന്ന ചോദ്യത്തിന് അയാളുടെ മറുപടി ഒരു ചിരി മാത്രം ആയിരുന്നുവെന്നും അഷ്‌റഫ് പറയുന്നു.

രണ്ട് മാസങ്ങൾക്ക് മുമ്പ് വീട്ടിൽ നിന്നും അവന്റെ അമ്മയും കൂട്ടി ഇറങ്ങിയപ്പോൾ തിരിച്ച് വീട്ടിൽ വരാൻ കഴിയുമോയെന്ന് അറിയില്ലായെന്ന കാര്യം, അവനെ വിളിച്ച് പറഞ്ഞിരുന്നുവെന്ന പർവിന്ദർ സിങ് പറഞ്ഞ മറുപടി തന്നെ അത്ഭുതപ്പെടുത്തിയെന്നു സാമൂഹ്യപ്രവർത്തകൻ കുറിക്കുന്നു.

അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ്:

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള കർഷകരുടെ സമരം ഓരോ പഞ്ചാബികളിലും എത്രമാത്രം പ്രതിഫലിച്ചിട്ടുണ്ടെന്നതിന്റെ ആഴം വ്യക്തമാക്കുകയാണ് പ്രവാസി സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി. ദുബായിൽ മരണപ്പെട്ട ഒരു പഞ്ചാബി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കാൻ തുനിഞ്ഞപ്പോളുണ്ടായ അനുഭവത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെക്കുന്നത്.

മകൻ മരണപ്പെട്ട വിവരം പിതാവ് പർവിന്ദർ സിംഗിനെ അറിയിച്ചപ്പോൾ,അദ്ദേഹം കർഷക സമരവുമായി ബന്ധപ്പെട്ട് ഡൽഹിയിലായിരുന്നു.

പഞ്ചാബിലെ കപൂർത്തല ജില്ലയിലെ കജൂറുളള എന്ന പ്രദേശത്ത് ഒരു കാർഷിക കുടുംബത്തിലാണ്,
ഗുർവിന്ദർ സിംഗ് ജനിച്ചത്,പിതാവ് പർവിന്ദർ സിംഗിൻറെ കുടുംംബം തലമുറകളായി കൃഷിക്കാരാണ്.കഴിഞ്ഞ മൂന്ന് വർഷമായി ഗുർവിന്ദർ സിംഗ് ഹെവി ട്രക്ക് ഡ്രൈവറായി ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരുകയായിരുന്നു.പെട്ടെന്നുണ്ടായ നെഞ്ച് വേദനയെ തുടർന്ന് മരണപ്പെടുകയായിരുന്നു. സുഹൃത്തുക്കൾ മരണവിവരം നാട്ടിലേക്ക് പറയുവാൻ വിളിച്ചപ്പോൾ കുടുംബം മുഴുവനും കർഷക സമരത്തിൻറെ ഭാഗമായി ദിവസങ്ങളായി ഡൽഹിയിലാണ്.ഒരു ജനത,അവരുടെ അതിജീവിനത്തിൻറെ ഭാഗമായി സമരത്തിലാണ്. അധികാരവർഗ്ഗങ്ങളുടെ കണ്ണ് തുറപ്പിക്കുവാനുളള സമരത്തിലാണ്.അതിൻറെ ഭാഗമായിട്ടാണ് ഗുർവിന്ദറിൻറെ പിതാവും അവകാശങ്ങൾ നേടിയെടുക്കുവാനുളള ഈ പോരാട്ടത്തിൽ അണിചേർന്നത്.
എന്നെ അത്ഭുതപ്പെടുത്തിയത് ഇതൊന്നും അല്ല. ഇന്ന് മകൻറെ മൃതദേഹം നാട്ടിലേക്ക് അയക്കുകയാണ് എന്ന് ആ പിതാവിനോട് പറഞ്ഞപ്പോൾ, അമൃതസറിലേക്ക് അയച്ചോളു,അവിടെ ആരെങ്കിലും പറഞ്ഞയക്കാം, താങ്കൾ Airport ലേക്ക് വരുന്നില്ലേ എന്ന എൻറെ ചോദ്യത്തിന് അയാളുടെ മറുപടി ഒരു ചിരി മാത്രം ആയിരുന്നു.എന്നിട്ട് പർവിന്ദർ പറഞ്ഞ മറുപടിയാണ് എന്നെ അത്ഭുതപ്പെടുത്തിയത്.രണ്ട് മാസങ്ങൾക്ക് മുമ്പ് വീട്ടിൽ നിന്നും അവൻറെ അമ്മയും കൂട്ടി ഇറങ്ങിയപ്പോൾ തിരിച്ച് വീട്ടിൽ വരാൻ കഴിയുമോയെന്ന് അറിയില്ലായെന്ന കാരൃം, അവനെ വിളിച്ച് പറഞ്ഞിരുന്നു.ഞങ്ങൾ കർഷകർ മണ്ണിൽ പണിയെടുക്കുന്നവരാണ്,മുന്നോട്ട് വെച്ച കാല് മുന്നോട്ട് തന്നെയാണ്,പിന്നോട്ടില്ല ഭായ് എന്ന് പറഞ്ഞ് അദ്ദേഹം ഫോൺ വെക്കുമ്പോൾ ആ പഞ്ചാബിയുടെ വാക്കുകളിലെ ദൃഢനിശ്ചയം എനിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞു.
എതൊരു ജനകീയ സമരത്തെയും ഒരു അധികാരവർഗ്ഗത്തിനും അടിച്ചമർത്തുവാൻ കഴിയില്ല.ഒരു പരിധിവരെ അധികാരം ഉപയോഗിച്ച് തടയുവാൻ കഴിയും, അവസാനം കീഴടങ്ങിയെ പറ്റു.അതാണ് ചരിത്രം നമ്മളെ ഓർമ്മപ്പെടുത്തുന്നതും.പർവിന്ദർ സിംഗ് ഒറ്റക്കല്ല,പർവിന്ദറിനെ പോലെ ലക്ഷകണക്കിന് പേർ സമരമുഖത്തുണ്ട്.സ്വന്തം മകൻറെ അന്ത്യകർമ്മങ്ങൾ നിർവ്വഹിക്കുവാൻ പോലും പോകാതെ ഒരു ജനതയുടെ അവകാശങ്ങൾക്കായി സമരമുഖത്ത് നിൽക്കുന്ന ധീര നേതാക്കൾക്ക് അഭിവാദ്യങ്ങൾ.
അഷ്‌റഫ് താമരശ്ശേരി

Exit mobile version