റിയാദിലെ ആശുപത്രിയുടെ പ്രവർത്തനത്തിന് എതിരെ എംബസിക്ക് പരാതി നൽകി; പിന്നാലെ മലയാളി നഴ്‌സ് മരിച്ചനിലയിൽ; ദുരൂഹത ആരോപിച്ചും സഹായം അഭ്യർത്ഥിച്ചും കുടുംബം

കോട്ടയം: കോട്ടയം ജില്ലയിലെ ആർപ്പൂക്കര സ്വദേശിനിയായ മലയാളി നഴ്‌സ് റിയാദിലെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. റിയാദ് അൽജസീറ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് സൗമ്യ നോബിളിന്റെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിച്ചിരിക്കുന്നത്. ബുധനാഴ്ച ഹോസ്റ്റലിന്റെ ഗോവണിയിൽ സൗമ്യ തൂങ്ങിമരിച്ചെന്നാണ് അധികൃതർ സൗമ്യയുടെ കുടുംബത്തെ അറിയിച്ചത്. അേേതാസമയം, സൗമ്യയുടെ മരണത്തിൽ ആശുപത്രി മാനേജ്‌മെന്റിന് പങ്കുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.

ആശുപത്രിയുടെ പ്രവർത്തനത്തെ സംബന്ധിച്ച് പരാതി നൽകിയതിന്റെ പേരിൽ സൗമ്യ കടുത്ത മാനസിക പീഡനം നേരിട്ടിരുന്നതായി ഭർത്താവ് നോബിൾ സ്വകാര്യമാധ്യമത്തോട് പ്രതികരിച്ചു. ആശുപത്രി മാനേജ്‌മെൻറിൻറെയും ഡോക്ടർമാരുടെയും പീഡനത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സൗമ്യയുടെ മരണം.

ആശുപത്രിയുടെ പ്രവർത്തനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ഏഴ്മാസം മുൻപ് സൗമ്യ പരാതി നൽകിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആശുപത്രിയിലെ തൊഴിൽ പീഡനങ്ങൾ സംബന്ധിച്ച് എംബസിക്കു റിയാദിലെ തൊഴിൽ വകുപ്പിനും സൗമ്യ പരാതി നൽകിയിരുന്നു. താൻ മരിച്ചാൽ ഉത്തരവാദി ആശുപത്രിയിലെ ഡോക്ടർമാരും മാനേജ്‌മെൻറുമാണെന്നും സൗമ്യ ചൊവ്വാഴ്ച ഇമെയിലിലൂടെ എംബസിയെയും അറിയിച്ചിരുന്നു.

മരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് വരെ ഭർത്താവ് നോബിളുമായി സൗമ്യ വീഡിയോ കോളിൽ സംസാരിച്ചിരുന്നു. ആശുപത്രി ജീവനക്കാരുടെയും ഹോസ്റ്റൽ സെക്യൂരിറ്റിയുടെയും സൗമ്യയോടുള്ള മോശമായ പെരുമാറ്റത്തിന് നോബിൾ സാക്ഷിയുമാണ്. സൗമ്യയുടെ മരണത്തിലെ ദുരൂഹത നീക്കാനും മൃതദേഹം നാട്ടിലെത്തിക്കാനും സംസ്ഥാന, കേന്ദ്ര സർക്കാരുകൾ സഹായിക്കണമെന്നാണ് കുടുംബം അഭ്യർത്ഥിക്കുന്നത്. മൂന്നരവയസുള്ള മകൻ ക്രിസ് നോബിളിനൊടൊപ്പം നാട്ടിലാണ്. ആർപ്പൂക്കര ചക്കുഴിയിൽ ജോസഫ്-എൽസമ്മ ദമ്പതികളുടെ മകളാണ് സൗമ്യ.

Exit mobile version