ഗള്‍ഫിലെ സമാധാന മധ്യസ്ഥന്‍ വിടവാങ്ങി; കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍ സബാഹ് അന്തരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അന്തരിച്ചു. 91 വയസ്സായിരുന്നു. രണ്ടുമാസമായി യുഎസില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മുന്‍ അമീര്‍ ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ വിയോഗത്തെ തുടര്‍ന്ന് 2006 ജനുവരി 29നാണ് ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ജാബിര്‍ അല്‍ സബാഹ് കുവൈറ്റിന്റെ 15ാമത് അമീറായി സ്ഥാനമേറ്റത്.

ജൂലൈ 23നാണ് അദ്ദേഹം ചികിത്സക്കായി അമേരിക്കയിലേക്ക് പോയത്. അവിടുത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. 40 വര്‍ഷം വിദേശകാര്യമന്ത്രിയുമായിരുന്നു ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്. വിടപറയുന്നത് ഗള്‍ഫ് മേഖലയിലെ സമാധാനമധ്യസ്ഥനാണ്.

1929 ജൂണ്‍ 26ന് ശൈഖ് അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ നാലാമത്തെ മകനായി ജനിച്ച ശൈഖ് സബാഹ് യൂറോപ്പിലെ വിദ്യാഭ്യാസ കാലത്തിനുശേഷം തിരിച്ചെത്തിയപ്പോള്‍ 1954ല്‍ 25ാം വയസ്സില്‍ തൊഴില്‍, സാമൂഹിക മന്ത്രാലയത്തിന് കീഴിലെ സമിതിയുടെ മേധാവിയായി ചുമതലയേറ്റു.

മൂന്നുവര്‍ഷത്തിനുശേഷം സര്‍ക്കാര്‍ പ്രസിദ്ധീകരണ വിഭാഗത്തിന്റെ മേധാവിയായി. ഈ കാലത്താണ് രാജ്യത്തെ പ്രഥമ സാംസ്‌കാരിക പ്രസിദ്ധീകരണമായ ‘അല്‍ അറബി’ തുടങ്ങിയത്. 1962ല്‍ വാര്‍ത്താവിനിമയ മന്ത്രിയായി. 63ല്‍ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മാറിയ അദ്ദേഹം 2003ല്‍ പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുന്നതുവരെ ആ പദവിയില്‍ തുടര്‍ന്നു.

ലോകത്തുതന്നെ ഇത്രകാലം തുടര്‍ച്ചയായി വിദേശകാര്യ മന്ത്രിയായിരുന്ന മറ്റൊരാളില്ലെന്നാണ് കരുതപ്പെടുന്നത്. 2003ല്‍ പ്രധാനമന്ത്രി പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 2006ല്‍ അമീറായി അവരോധിക്കപ്പെട്ടതോടെ ജനങ്ങളുടെ പ്രിയങ്കരനായ സാരഥിയായി മാറി.

ലോകതലത്തില്‍ സേവന മേഖലകളില്‍ സംഭാവനകള്‍ അര്‍പ്പിച്ചതിന് ഐക്യരാഷ്ട്ര സഭ അദ്ദേഹത്തിന് 2014ല്‍ മാനുഷിക സേവനത്തിന്റെ ലോക നായക പട്ടം നല്‍കി ആദരിച്ചു. ഈ സെപ്റ്റംബര്‍ 18ന് അമേരിക്കന്‍ പ്രസിഡന്റിന്റെ ‘ദി ലീജിയന്‍ ഓഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാന്‍ഡര്‍’ ബഹുമതി അദ്ദേഹത്തിന് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭാവത്തില്‍ മകന്‍ ശൈഖ് നാസര്‍ സബാഹ് അല്‍ അഹ്മദ് അസ്സബാഹ് ആണ് ഏറ്റുവാങ്ങിയത്.

ഗള്‍ഫ് മേഖലയിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരവുമായി ആദ്യം രംഗത്തിറങ്ങുന്ന നേതാവെന്ന സ്ഥാനം ഷെയ്ഖ് സബാഹിനു തന്നെ. ഖത്തറിനെതിരെ സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും നിലപാടെടുത്തപ്പോള്‍ മധ്യസ്ഥതയുമായി രംഗത്തുവന്നതു ഷെയ്ഖ് സബാഹ് ആണ്. പ്രശ്‌ന രഹിത രാജ്യം, പ്രശ്‌നങ്ങളില്ലാത്ത ഗള്‍ഫ്, സമാധാനപൂര്‍ണമായ ലോകം എന്നതാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന സന്ദേശം.

Exit mobile version