ഐടി സംബന്ധമായ ജോലികളിൽ നിന്നും പ്രവാസികളെ ഒഴിവാക്കണം; കുവൈറ്റ് ഭരണകൂടത്തിന് നിർദേശം

കുവൈറ്റ് സിറ്റി: പ്രവാസികൾക്ക് നിതാഖത്തിന് പിന്നാലെ മറ്റൊരു ഒഴിവാക്കൽ നടപടി കൂടി കുവൈറ്റിൽ നേരിടേണ്ടി വന്നേക്കുമെന്ന് സൂചന. കുവൈറ്റ് സർക്കാറിന് കീഴിലുള്ള ഐടി സംബന്ധമായ ജോലികളിൽ നിന്ന് പ്രവാസികളെ പൂർണ്ണമായി ഒഴിവാക്കണമെന്ന് നിർദേശം ലഭിച്ചിരിക്കുകയാണ്. വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഐടി വിഭാഗത്തിലെ ജോലികൾ മുഴുവൻ സ്വദേശിവത്കരിക്കണമെന്ന് എംപി ഉസാമ അൽ ഷഹീനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇക്കാര്യത്തിൽ വിശദമായ നിർദേശവും അദ്ദേഹം സമർപ്പിച്ചിട്ടുണ്ട്. കുവൈറ്റി പൗരന്മാരുടെ സ്വകാര്യ വിവരങ്ങളും രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങളുമെല്ലാം വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഐടി വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഇത്തരം സുപ്രധാന വിവരങ്ങൾ പ്രവാസികൾക്ക് ലഭ്യമാവാൻ പാടില്ലെന്നാണ് എംപിയുടെ ആവശ്യം.

അതേസമയം, കുവൈറ്റ് പബ്ലിക് വർക്‌സ് മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന എല്ലാ പ്രവാസികളെയും ഉടൻ പിരിച്ചുവിടാനുള്ള ഉത്തരവിൽ പബ്ലിക് വർക്‌സ് മന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ ഡോ. റാണ അൽ ഫാരിസ് ഉടൻ ഒപ്പുവെയ്ക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മന്ത്രാലയത്തിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന 400 പ്രവാസികളാണ് പട്ടികയിലുള്ളത്. നേരത്തെ 150 പ്രവാസികളെ ഇത്തരത്തിൽ പുറത്താക്കിയിരുന്നു.

Exit mobile version