ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിച്ച പ്രവാസികൾക്കും മടങ്ങിയെത്താം; അനുമതി നൽകി യുഎഇ

വിസയുണ്ടോ? ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിച്ച പ്രവാസികൾക്കും മടങ്ങിയെത്താം: യുഎഇ

ദുബായ്: കൊവിഡ് യാത്രാ സൗകര്യങ്ങൾ നിശ്ചലമാക്കിയതോടെ ആറ് മാസക്കാലത്തിൽ അധികം രാജ്യത്തിന് പുറത്തുനിന്ന പ്രവാസികൾക്കും മടങ്ങിവരാം. എന്നാൽ വിസാ കാലാവധി കഴിയാൻ പാടില്ലെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറിയ അറിയിച്ചു.

കാലാവധിയുള്ള താമസ വിസയുള്ള പ്രവാസികൾ ഇപ്പോൾ ഏത് രാജ്യത്താണുള്ളതെങ്കിലും അവർക്ക് തിരിച്ചുവരാൻ തടസമൊന്നുമില്ലെന്നും അദ്ദേഹം അറിയിച്ചു.വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് മുമ്പ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ അനുമതി വാങ്ങണം. യുഎഇയിലെയോ ദുബായിയിലെയോ എയർലൈനുകളിൽ തന്നെ ടിക്കറ്റെടുക്കണമെന്ന് ഒരു നിർബന്ധവുമില്ല. യുഎഇയിലേക്ക് സർവീസ് നടത്തുന്ന എത് വിമാനക്കമ്പനിയിലും ടിക്കറ്റെടുക്കാം.

ദുബായിയിൽ താമസ വിസയുള്ളവർക്ക് യുഎഇയിലെ ഏത് വിമാനത്താവളം വഴിയും തിരിച്ചുവരാം. യാത്രാ അനുമതി ലഭിച്ചിട്ടും വിമാനങ്ങൾ ലഭ്യമല്ലാത്തത് കാരണം യുഎഇയിലേക്ക് മടങ്ങിവരാനാവാത്തവർക്ക് പിന്നീട് വിമാനങ്ങൾ ലഭ്യമാവുമ്പോൾ യാത്ര ചെയ്യാം. എന്നാൽ അപ്പോൾ വീണ്ടും അനുമതി തേടേണ്ടി വരുമെന്ന് മാത്രം.

Exit mobile version