കൊവിഡ് 19; വൈറസ് ബാധമൂലം സൗദിയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

റിയാദ്: കൊവിഡ് 19 വൈറസ് ബാധമൂലം സൗദിയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. തൃശ്ശൂര്‍ എടത്തിരുത്തി സിറാജ് നഗര്‍ സ്വദേശി മേലറ്റത്ത് അന്‍വര്‍ സൗദി അറേബ്യയുടെ തെക്കന്‍ പ്രവിശ്യയായ അസീറിലാണ് മരിച്ചത്. 50വയസായിരുന്നു. വൈറസ് ബാധമൂലം കിങ് ഖാലിദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് അന്‍വറിന് ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്തത്.

അബഹ റോഡില്‍ മസ്ദര്‍ ട്രേഡിങ് കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. പിതാവ്: അഹമ്മു, മാതാവ്: ബീവാത്തു, ഭാര്യ: ലിജി, മക്കള്‍: ഇര്‍ഫാന തസ്നീം (13) മിന്‍ഹാ തസ്നീം (എട്ട്). കിങ് ഖാലിദ് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം അസീറില്‍ സംസ്‌കരിക്കുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.

വാദി നുവൈമയില്‍ ദല്ലക്ക് സമീപം ബഖാലയില്‍ ജോലി ചെയ്യുകയായിരുന്ന വയനാട് കോറം സ്വദേശി കോരന്‍ കുന്നന്‍ നൗഫല്‍ (36) ആണ് വൈറസ് ബാധമൂലം മരിച്ച മറ്റൊരു മലയാളി. ആറു വര്‍ഷം മുമ്പാണ് ഇദ്ദേഹം സൗദിയില്‍ എത്തിയത്. അബ്ദുല്ല – ആസ്യ ദമ്പതികളുടെ മകനാണ്. ഭാര്യ: റജുല. ഒരു മകളുണ്ട്. മൃതദേഹം വാദി ദവാസിറില്‍ ഖബറടക്കും.

Exit mobile version