കൈയ്യിലൊന്നുമില്ലാതെ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് 12 കിലോയുടെ സമ്മാനപ്പെട്ടി നൽകി പ്രവാസി കമ്പനി; ‘പേർഷ്യൻ പെട്ടി’ വൻഹിറ്റ്

കൈയ്യിലൊന്നുമില്ലാതെ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് പിസ്തയും പെർഫ്യൂമും മുതൽ ടൈഗർ ബാം വരെ എല്ലാമടങ്ങിയ 12 കിലോയുടെ സമ്മാനപ്പെട്ടി നൽകി പ്രവാസി കമ്പനി; 'പേർഷ്യൻ പെട്ടി' വൻഹിറ്റ്

ദുബായ്: കൊവിഡ് 19 പശ്ചാത്തലത്തിൽ നാട്ടിൽ തങ്ങളെ കാത്തിരിക്കുന്നവർക്ക് കൈയ്യിൽ ഒന്നും കരുതാതെ മടങ്ങേണ്ടി വരുന്ന പ്രവാസികൾക്ക് സമ്മാനപ്പെട്ടി നൽകി പ്രവാസി മലയാളിയുടെ കരുതൽ. ദുബായിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങുന്ന പ്രവാസികൾക്കാണ് പേർഷ്യൻ പെട്ടി എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ എമിറേറ്റ് കമ്പിനീസ് ഹൗസ്(ഇസിഎച്ച്) ഉടമയും കോഴിക്കോട് സ്വദേശിയുമായ ഇക്ബാൽ മാർക്കോണി സഹായം എത്തിക്കുന്നത്.

നാട്ടിലേക്ക് മടങ്ങുമ്പോൾ പ്രവാസികൾ കാലകാലങ്ങളായി ഉറ്റവർക്ക് നൽകാനായി കൊണ്ടുവരുന്ന ബദാം,പെർഫ്യൂം, പിസ്ത, നിഡോ, ടാങ്ക്, നിഡോ, സ്‌നിക്കേഴ്‌സ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളും ടോർച്ച്, ടൈഗർ ബാം തുടങ്ങിയ അവശ്യ വസ്തുക്കളും ഉൾപ്പടെ 12 കിലോയുടെ പെട്ടിയാണ് തെരഞ്ഞെടുക്കപ്പെടുന്ന ഓരോ പ്രവാസിക്കും പേർഷ്യൻ പെട്ടി എന്ന പേരിൽ ഇക്ബാൽ മാർക്കോണിയുടെ കമ്പനി നൽകുന്നത്. ആദ്യ ഘട്ടത്തിൽ നൂറ് പെട്ടികളാണ് കമ്പനി നൽകുക.

നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളിൽ പലർക്കും ഇപ്പോൾ ഒന്നും വാങ്ങാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇതു കൂടി പരിഗണിച്ചാണ് സമ്മാനപ്പെട്ടി നൽകുന്നത്.
ഞങ്ങൾ പ്രവാസികളോടുള്ള കരുതലിന്റെ ഭാഗമായി ചെറിയ രീതിയിൽ നടത്തിയ പദ്ധതിയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ പ്രവാസികൾ നാട്ടിലേക്ക് മടങ്ങുമ്പോൾ പലരും അവരുടെ കൈവശം എന്തെങ്കിലും ഉണ്ടോ എന്ന് കൂടി അന്വേഷിക്കുന്നുണ്ട്. അത്തരത്തിൽ പരസ്പരമുള്ള കരുതൽ കാണുന്നതിൽ സന്തോഷമുണ്ടെന്നും എമിറേറ്റ് കമ്പനീസ് ഹൗസ് ഉടമ ഇക്ബാൽ മാർക്കോണി പറഞ്ഞതായി സ്വകാര്യ ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ജോലി നഷ്ടപ്പെട്ട് നിരവധി പ്രവാസികളാണ് കൊവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങുന്നത്. അടിയന്തിരമായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് വലിയൊരു സഹായമാണ് കമ്പനിയുടെ പേർഷ്യൻ പെട്ടി.

Exit mobile version