കൊവിഡ് 19; ഗള്‍ഫില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു, സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1132 പേര്‍ക്ക്

ദുബായ്: ഗള്‍ഫില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഗള്‍ഫു നാടുകളില്‍ ഇതുവരെ 24000 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സൗദിയില്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1132 പേര്‍ക്കാണ്. വൈറസ് ബാധമൂലം സൗദിയില്‍ മരിച്ചത് 92 പേരാണ്. മക്കയില്‍ മാത്രം കഴിഞ്ഞ ദിവസം 315 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ സമയത്തു പുറത്തിറങ്ങുന്നവര്‍ക്ക് രാജ്യമൊട്ടാകെ ഏകീകൃത പാസ്സ് നടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതേസമയം ഇന്ത്യയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുകയാണെങ്കില്‍ അടിയന്തരമായി നാട്ടില്‍ എത്തേണ്ടവര്‍ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ അറിയിച്ചു. സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ചാലുടന്‍ യുഎഇ അധികൃതരുമായി സഹകരിച്ച് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കുവൈറ്റില്‍ 988 ഇന്ത്യകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ഖത്തറില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ദീര്‍ഘകാലം തുടരേണ്ടി വരുമെന്നാണ് ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണ സമിതി അറിയിച്ചത്. വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പുള്ള ഖത്തറിന്റെ പഴയ അവസ്ഥയിലേക്ക് രാജ്യം ഉടന്‍ മടങ്ങി വരാന്‍ സാധ്യതയില്ലെന്നും അധികൃതര്‍ അറിയിച്ചു.

Exit mobile version