കൊവിഡ് 19; ഒമാനില്‍ രണ്ട് മലയാളികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

മസ്‌കറ്റ്: ഒമാനില്‍ രണ്ട് മലയാളികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. റൂവി ഹൈ സ്ട്രീറ്റില്‍
താമസിക്കുന്ന മലയാളികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഇവര്‍ റൂവിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് 19 പരിശോധനക്ക് വിധേയരായത്. ഞായറാഴ്ച വൈകുന്നേരത്തോടെ രോഗം സ്ഥിരീകരിച്ചതായി ആശുപത്രി അധികൃതര്‍ ഇരുവരെയും അറിയിക്കുകയായിരുന്നു.

അതേസമയം രോഗം സ്ഥിരീകരിച്ചവര്‍ക്ക് വലിയ ആരോഗ്യപ്രശ്‌നങ്ങളും സങ്കീര്‍ണതകളും ഇല്ലാത്തതിനാല്‍ ഇവരോട് താമസസ്ഥലത്ത് തന്നെ ക്വാറന്റൈനില്‍ കഴിയാനാണ് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വൈറസ് ബാധ സ്ഥിരീകരിക്കുന്നവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ താമസസ്ഥലത്ത് തന്നെ ക്വാറന്റൈനില്‍ കഴിയണമെന്നാണ് എംബസിയും നിര്‍ദേശം നല്‍കിയിരിക്കുന്നത്. സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നുമാണ് എംബസി അറിയിച്ചിട്ടുള്ളത്.

മത്രാ പ്രവിശ്യയില്‍ ഏറ്റവും കൂടുതല്‍ വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്നതും ഏറ്റവും തിരക്കുള്ള സൂഖുകളില്‍ ഒന്നാണ് റൂവി ഹൈ സ്ട്രീറ്റ് സൂഖ്. അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെന്ന സംശയം സ്ഥലത്തെ മലയാളികളെ ഉള്‍പ്പെടെയുള്ളവരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

Exit mobile version