വിദേശത്ത് കുടുങ്ങിയവരും പ്രവാസികളും നാട്ടിലെത്താൻ മേയ് വരെ കാത്തിരിക്കണം; ക്വാറന്റൈൻ വിദേശത്ത് ഒരുക്കും: വി മുരളീധരൻ

തിരുവനന്തപുരം: വിദേശത്ത് കുടുങ്ങി കിടക്കുന്നവരും പ്രവാസികൾ ഉൾപ്പടെയുള്ളവരും നാട്ടിലെത്താൻ മേയ് വരെ കാത്തിരിക്കേണ്ടി വരുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പ്രതികരിച്ചു. ലോക്ക്ഡൗണിന് ശേഷം വിദേശത്ത് നിന്നും എല്ലാവരേയും കൂട്ടത്തോടെ നാട്ടിലെത്തിച്ചാൽ ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്താൻ ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവാസി മലയാളികളിൽ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മുൻഗണന നൽകുമെന്നും ഒരു സ്വകാര്യ ചാനലിനോട് മന്ത്രി പ്രതികരിച്ചു. വിമാനം ചാർട്ടർ ചെയ്ത് എത്താൻ വിദേശത്തെ മലയാളി സംഘങ്ങളും ജോർദാനിൽ കുടുങ്ങിയ സിനിമ സംഘവും മോൾഡോവയിലെ വിദ്യാർത്ഥികളും അടക്കം താൽപര്യം അറിയിച്ചിരുന്നു. എന്നാൽ, സ്ഥിതി മെച്ചപ്പെടുമ്പോൾ എല്ലാവരെയും തിരികെ എത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

മിഡിൽ ഈസ്റ്റ് ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് മെഡിക്കൽ സംഗത്തെ ഇന്ത്യയിൽ നിന്നും അയക്കേണ്ട സ്ഥിതിയില്ലെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിൽ ഇന്ത്യൻ അസോസിയേഷൻ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവ ഏറ്റെടുത്ത് അവിടത്തെ സർക്കാരിന്റെ അനുവാദത്തോടെ ക്വാറന്റൈൻ സൗകര്യം ഒരുക്കും. വിദേശത്തെ ലേബർ ക്യാമ്പുകളിൽ ഭക്ഷണവും മരുന്നും എത്തിക്കും. എംബസികൾ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഇടപെടുകയും ചെയ്യും.

ഇന്ത്യയിൽനിന്നും മറ്റു രാജ്യങ്ങളിലേക്ക് മെഡിക്കൽ സംഘത്തെ അയയ്ക്കില്ല, കാരണം ഇന്ത്യക്കാരായ നിരവധി ഡോക്ടർമാരുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യക്കാർക്കുവേണ്ടി ഇന്ത്യൻ ആരോഗ്യ പ്രവർത്തകർ അടങ്ങിയ സംഘത്തെ രൂപീകരിക്കുന്ന കാര്യത്തിൽ ആലോചന തുടരുകയാണെന്നും വി മുരളീധരൻ വിശദീകരിച്ചു.

Exit mobile version