കൊവിഡ് 19; ഗള്‍ഫില്‍ വൈറസ് ബാധിതരുടെ എണ്ണം പതിനായിരത്തി അഞ്ഞൂറായി, മരണം 71, ഒമാനില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം പതിനായിരത്തി അഞ്ഞൂറായി. രണ്ട് മലയാളികള്‍ അടക്കം 71 പേരാണ് ഇതുവരെ വൈറസ് ബാധമൂലം ഗള്‍ഫില്‍ മരിച്ചത്. പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം ഇതുവരെ 10544 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സൗദി അറേബ്യയില്‍ 3287 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 44 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്.

വൈറസ് ബാധമൂലം യുഎഇയില്‍ രണ്ട് മലയാളികളടക്കം 12 പേരാണ് മരിച്ചത്. 2657 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം വൈറസിന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കാനുള്ള നടപടി താല്‍ക്കാലികം മാത്രമാണെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിസന്ധികള്‍ മറികടക്കാന്‍ പുതിയ ഏകീകൃത തൊഴില്‍കരാറും അധികൃതര്‍ പുറത്തിറക്കി. തൊഴിലാളികള്‍ക്ക് വേതനത്തോട് കൂടിയ അവധി, വേതനമില്ലാതെ മുന്‍കൂട്ടി അവധി നല്‍കുക, താല്‍ക്കാലികമായി വേതനം വെട്ടിക്കുറയ്ക്കുക തുടങ്ങിയ ഏതെങ്കിലും ഒന്ന് സ്വീകരിക്കാനാണ് തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും അവസരം നല്‍കിയിരിക്കുന്നത്.

ഒമാനില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വരും. സമൂഹവ്യാപനം ആരംഭിച്ചതിനെ തുടര്‍ന്നാണ് ലോക്ക് ഡൗണ്‍. ഈ മാസം 22 വരെയാണ് നിയന്ത്രണം. ഇതുവരെ 457 പേര്‍ക്കാണ് ഒമാനില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഖത്തറില്‍ 2376 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കുവൈറ്റ് 910, ബഹറൈന്‍ 855 എന്നിങ്ങനെയാണ് ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം.

Exit mobile version