ഒമ്പത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കൂടി രോഗ ബാധ; കുവൈറ്റില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നു. ഒമ്പത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 255 ആയി ഉയര്‍ന്നു. നിലവില്‍ 188 പേരാണ് ചികിത്സയിലുള്ളത്.

നേരത്തെ രോഗം സ്ഥിരീകരിച്ച മൂന്ന് ഇന്ത്യക്കാരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഒമ്പത് ഇന്ത്യന്‍ പ്രവാസികള്‍ക്ക് രോഗം പകര്‍ന്നത്. ഇതിനു പുറമെ മൂന്ന് ബംഗ്ലാദേശ് പൗരന്മാര്‍ക്കും ഒരു കുവൈറ്റ് പൗരനും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധയേറ്റത്. ഇതോടൊപ്പം ബ്രിട്ടനില്‍ നിന്ന് മടങ്ങിയെത്തിയ ആറു കുവൈറ്റ് പൗരന്മാര്‍, ഒരു ഫിലിപ്പൈന്‍സ് പൗരന്‍ എന്നിവര്‍ക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്.

അതേസമയം, ഇന്ന് മൂന്ന് പേര്‍ രോഗമുക്തി നേടിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ കുവൈറ്റില്‍ കൊവിഡ് രോഗത്തില്‍ നിന്നും 67 പേരാണ് മുക്തരായത്. തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം 12 ആയി. 1231 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

Exit mobile version