ഈ കസേരയൊക്കെ ചെറുത്; ഇതിലും നല്ല കസേരയിൽ ഇരിക്കാൻ യോഗ്യരാണ് പ്രവാസികൾ; ലോക കേരള സഭയെ തള്ളിക്കളഞ്ഞ പ്രതിപക്ഷത്തെ കൊട്ടി എംഎ യൂസഫലി

തിരുവനന്തപുരം: ലോക കേരളസഭയ്‌ക്കെതിരെ അനാവശ്യ അപവാദങ്ങൾ പ്രചരിപ്പിച്ച സംസ്ഥാനത്തെ പ്രതിപക്ഷത്തിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞ് പ്രവാസി വ്യവസായി എംഎ യൂസഫലി. ഇവിടെയിരിക്കാൻ കുറെ നല്ല കസേരകളുണ്ടാക്കി, അത് ആർഭാടമാണെന്നൊക്കെ പറഞ്ഞുള്ള വിവാദം കേട്ടു. ഇതിലും നല്ല കസേരയിൽ ഇരിക്കുന്നവരാണ് ഇവിടെയെത്തിയ മിക്ക പ്രതിനിധികളും. പ്രവാസികൾ നൽകുന്ന സഹായവുമായി തട്ടിച്ചുനോക്കുമ്പോൾ ഇത് എത്രയോ ചെറുതാണ്. ഇതിലും നല്ലകസേരയിൽ ഇരിക്കാൻ യോഗ്യരാണ് പ്രവാസികളെന്നും അദ്ദേഹം പ്രസംഗത്തിനിടെ ഊന്നിപ്പറഞ്ഞു. ലോകകേരള സഭയുടെ പ്രതിനിധി സമ്മേളനത്തിലായിരുന്നു യൂസഫലിയുടെ പരോക്ഷ വിമർശനം.

കേരളത്തിൽ പ്രവാസി നിക്ഷേപത്തിന് അനുകൂലമായ മാറ്റമുണ്ടാക്കാൻ മുഖ്യമന്ത്രിക്കും സർക്കാരിനും കഴിഞ്ഞിട്ടുണ്ട്. വലിയ നിക്ഷേപസ്ഥാപനമായ അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി അധികൃതരുമായി മുഖ്യമന്ത്രി ചർച്ച നടത്തിയതിനു പിന്നാലെ, അവർ കേരളത്തിലെത്തുകയും ഇവിടെ സംരംഭം തുടങ്ങാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു. പ്രവാസി പുനരധിവാസത്തിന് സാഹചര്യമൊരുക്കുകയാണു വേണ്ടത്. അതിന് പുതിയ സംരംഭങ്ങളുണ്ടാകണം.

ഇപ്പോഴും പല സംരംഭങ്ങൾക്കും ചില ഉദ്യോഗസ്ഥർ തടസ്സം നിൽക്കുന്നുണ്ടെന്നും യൂസഫലി പറഞ്ഞു. മരട് ഫ്‌ളാറ്റ് പൊളിക്കേണ്ടിവന്നപ്പോൾ പല പ്രവാസികൾക്കും നഷ്ടമുണ്ടായി. ഇതൊരു പാഠമാണ്. പ്രവാസികളുടെ നിക്ഷേപത്തിന് സുരക്ഷിതത്വം നൽകാൻ സർക്കാരിനാവണം. അതിനായി പ്രവാസി നിക്ഷേപ സംരക്ഷണ നിയമമുണ്ടാക്കണം. പ്രവാസികളുടെ കാര്യത്തിൽ എല്ലാവരും ഒന്നിക്കണമെന്നും യൂസഫലി പറഞ്ഞു.

Exit mobile version