വിജയം ടോറികൾക്ക്; നേട്ടം മലയാളികൾക്ക്; നഴ്‌സുമാർക്ക് വാതിൽ തുറന്നിട്ട് ബ്രിട്ടൺ; സന്തോഷം പങ്കുവെച്ച് സിന്ധു ജോയ്

ലണ്ടൻ: കൺസേർവേറ്റീവ് പാർട്ടി വൻഭൂരിപക്ഷത്തോടെ ലണ്ടനിൽ വീണ്ടും അധികാരത്തിലേറിയത് മലയാളികൾക്കും നേട്ടമാകുമെന്ന് അഭിപ്രായപ്പെട്ട് സിന്ധു ജോയ് സാന്റിമോൻ. അരലക്ഷം നേഴ്‌സുമാരെ പുതുതായി നിയമിക്കുമെന്ന ബോറിസ് ജോൺസണിന്റെ പ്രഖ്യാപനം മലയാളികൾക്ക് ഏറെ പ്രതീക്ഷകൾ നൽകുന്നെന്നാണ് സിന്ധു ജോയ് പറയുന്നത്. ബ്രിട്ടണിൽ ബോറിസ് ജോൺസണും കൺസേർവേറ്റീവ് പാർട്ടിയും അധികാരത്തുടർച്ച നേടിയതോടെ പൗണ്ടിന്റെ വിനിമയ നിരക്ക് ഉയർന്നതും സിന്ധു ജോയ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുന്നു. ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന വാദം മാത്രം ഉയർത്തിക്കാണിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട ബോറിസ് ജോൺസൺ വിജയിച്ചതോടെ 92 രൂപ മൂല്യമുണ്ടായിരുന്ന പൗണ്ട് 95 രൂപയായി ശക്തി പ്രാപിച്ചെന്നും ഇനിയും പൗണ്ടിന്റെ മൂല്യമുയരുമെന്നും ബ്രിട്ടണിൽ സ്ഥിരതാമസമാക്കിയ മുൻ രാഷ്ട്രീയ പ്രവർത്തക കൂടിയായ സിന്ധു ജോയ് വിശദീകരിക്കുന്നു.

വിവാഹശേഷമാണ് കേരളത്തിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് താൽക്കാലിക ഇടവേള നൽകി സിന്ധു ജോയ് ലണ്ടനിൽ സ്ഥിരതാമസമാക്കിയത്. കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള സ്ഥിരതാമസമാക്കിയ പൗരന്മാർക്ക് ബ്രിട്ടണിൽ വോട്ടവകാശമുണ്ട്. ഈ അവകാശം വിനിയോഗിച്ച് ഇത്തവണ സിന്ധു ജോയ് ലണ്ടനിൽ കന്നി വോട്ടും രേഖപ്പെടുത്തിയിരുന്നു. ലേബർ പാർട്ടിക്ക് കനത്ത പരാജയമാണ് ബ്രിട്ടണിലുണ്ടായത് എങ്കിലും താൻ വോട്ട് ചെയ്ത നോട്ടിങ്ഹാം സൗത്തിലെ സിറ്റിങ് എംപി ലേബർ പാർട്ടി നേതാവ് ലിലിയാൻ ഗ്രീൻവുഡ് വിജയിച്ചതിന്റെ സന്തോഷവും സിന്ധുജോയ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

അതേസമയം, വെള്ളിയാഴ്ചയായിരുന്നു ബ്രിട്ടണിലെ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടന്നത്. 650 സീറ്റിൽ 365 സീറ്റ് നേടിയ ബോറിസ് ജോൺസണിന്റെ നേതൃത്വത്തിലെ കൺസർവേറ്റീവ് പാർട്ടി ബ്രിട്ടണും മിഡ്‌ലാൻഡ്‌സുമടങ്ങുന്ന ലേബർ ശക്തി കേന്ദ്രങ്ങളിൽ പോലും വെന്നിക്കൊടി പാറിച്ചിരുന്നു.അധികാരത്തുടർച്ച നൽകിയാൽ ബ്രെക്‌സിറ്റ് നടപ്പാക്കുമെന്നാണ് ബോറിസ് ജോൺസൺ ആകെ പ്രചാരണവേളയിൽ പറഞ്ഞത്. കൺസർവേറ്റീവ് സ്ഥാനാർത്ഥികളും ഇതേറ്റുപിടിച്ചു. ഇതോടെ വടക്കൻ മാർഗരറ്റ് താച്ചർക്ക് ശേഷം ഇത്രവലിയ ഭൂരിപക്ഷത്തോടെ പാർട്ടി അധികാരത്തിലെത്തുകയും ചെയ്തു.

കാർക്കശ്യക്കാരെന്ന ചീത്തപ്പേരാണ് ലേബർ പാർട്ടി നേതാവ് ജെറമി കോർബിന് പ്രധാനമായും തിരിച്ചടിയായത്. പ്രതീക്ഷിച്ചതിനേക്കാൾ ഏറെ വലിയ തിരിച്ചടിയാണ് ഇതോടെ പാർട്ടിയും നേരിട്ടത്. ബ്രെക്‌സിറ്റിൽ രണ്ടാം ഹിതപരിശോധനയെന്ന കോർബിന്റെ നിർദേശം ബ്രിട്ടീഷ് ജനത തള്ളിക്കളയുകയായിരുന്നു. ഇതോടെ പാർട്ടി നേതൃസ്ഥാനവും കോർബിൻ ഉപേക്ഷിച്ചു.

സിന്ധു ജോയിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ബ്രിട്ടനിൽ ടോറികൾ ജയിച്ചു; പൗണ്ടിന്റെ വിനിമയനിരക്കും ഉയർന്നു. ബ്രെക്‌സിറ്റ് റഫറണ്ടം പാസായ 2016 ജൂൺ 23-നു 104 രൂപ വിലയുണ്ടായിരുന്ന ബ്രിട്ടീഷ് പൗണ്ട് 74 രൂപയിലേക്ക് കൂപ്പുകുത്തി. ബോറിസ് ജോൺസൻ വമ്പൻ വിജയം നേടിയ ഇന്നലെ ഒറ്റ രാത്രികൊണ്ട് പൗണ്ടിന്റെ വില 92 രൂപയിൽ നിന്ന് 95 രൂപയായി ഉയർന്നു. പൗണ്ട് വില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ.
മലയാളികൾക്ക് പ്രതീക്ഷിക്കാൻ ഇനിയും ഏറെയുണ്ട്. പുതുതായി അമ്പതിനായിരത്തോളം പുതിയ നേഴ്‌സുമാരെക്കൂടി നിയമിക്കുമെന്നാണ് ബോറിസിന്റെ തെരെഞ്ഞെടുപ്പ് വാഗ്ദാനം. നമ്മുടെ മലയാളി നേഴ്‌സുമാർക്കായി ഈ വാതിൽ തുറക്കപ്പെടാം.
ചുരുക്കത്തിൽ, മലയാളികൾക്ക് ഗുണകരമാണ് ബോറിസിന്റെ വിജയം.

Exit mobile version