വിദേശയാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ; ഷാര്‍ജ പുസ്തകോത്സവത്തില്‍ നിന്ന് അമിതാഭ് ബച്ചന്‍ പിന്മാറി

തനിക്ക് പുസ്തകോത്സവത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ നിരാശ ഉണ്ടെന്നും എല്ലാവിധ ആശംസകളും നേരുന്നതായി ബച്ചന്‍ സംഘാടകര്‍ക്ക് അയച്ചുനല്‍കിയ സന്ദേശത്തില്‍ പറഞ്ഞു

ഷാര്‍ജ: മുപ്പതാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ നിന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ പിന്മാറി. വിദേശയാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥില്‍ ആയതിനാലാണ് ബിഗ് ബി പരിപാടിയില്‍ നിന്ന് പിന്മാറിയത് എന്നാണ് സംഘാടകര്‍ വ്യക്തമാക്കിയത്. ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് ഷാര്‍ജ പുസ്തകോത്സവത്തില്‍ അമിതാഭ് ബച്ചന്‍ പങ്കെടുക്കേണ്ടിയിരുന്നത്. തനിക്ക് പുസ്തകോത്സവത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ നിരാശ ഉണ്ടെന്നും എല്ലാവിധ ആശംസകളും നേരുന്നതായി ബച്ചന്‍ സംഘാടകര്‍ക്ക് അയച്ചുനല്‍കിയ സന്ദേശത്തില്‍ പറഞ്ഞു.

‘തുറന്ന പുസ്തകങ്ങള്‍, തുറന്ന മനസുകള്‍’ എന്ന പ്രമേയത്തിലാണ് മുപ്പതാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം നടക്കുന്നത്. സാഹിത്യ നൊബേല്‍ ജേതാവായ തുര്‍ക്കി എഴുത്തുകാരന്‍ ഒര്‍ഹാന്‍ പാമുക് ആണ് ഇത്തവണത്തെ മുഖ്യ അതിഥി.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഈ മാസം ആദ്യം ബച്ചനെ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതിരെ ശക്തമായ ഭാഷയില്‍ ബച്ചന്‍ പ്രതികരിച്ചിരുന്നു. അസുഖങ്ങളും മറ്റും രഹസ്യസ്വഭാവമുള്ള വ്യക്തിഗത അവകാശമാണെന്നും അത് പരസ്യപ്പെടുത്തുന്നത് ശരിയല്ലെന്നുമാണ് ബച്ചന്‍ തന്റെ ബ്ലോഗ് പോസ്റ്റില്‍ കുറിച്ചത്.

Exit mobile version