ഫേസ്ബുക്കിലൂടെ പരസ്ത്രീകളുമായി ഭർത്താവിന്റെ അതിരുവിട്ട ചാറ്റിങ്; ഒടുവിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഭാര്യ നൽകിയത് കിടിലൻ പണി

അബുദാബി: സോഷ്യൽമീഡിയയിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചാറ്റിങ് പ്രിയനായ ഭർത്താവിന് ഭാര്യ നൽകിയത് കിടിലൻ പണി. ഫേസ്ബുക്കിലൂടെ പരസ്ത്രീകളുമായി ഭർത്താവ് അതിരുവിട്ട സല്ലാപം നടത്തുന്നു എന്ന് മനസിലായതോടെയാണ് ഭാര്യ ഭർത്താവിനെ കുടുക്കിയത്. ഭർത്താവിന്റെ അന്യസ്ത്രീകളോടുള്ള ചാറ്റിങ് കുടുംബകോടതിയുടെ ശ്രദ്ധയിൽ പെടുത്തിയ യുവതിക്ക് അബുദാബി കുടുംബ കോടതിയിൽ നിന്നും വിവാഹമോചനവും അനുവദിച്ചു.

സ്ത്രീകളോടുള്ള മോശം ചാറ്റിങ് കൈയ്യോടെ പിടികൂടാൻ ഭാര്യ തന്നെയാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ചാറ്റ് ചെയ്ത് ഭർത്താവിനെ കുടുക്കിയത്. ഭാര്യയാണെന്ന് അറിയാതെ യുവതിയോട് ഇയാൾ ചാറ്റ് ചെയ്യുകയും ഒരുമിച്ച് തങ്ങാൻ ക്ഷണിക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് അബുദാബി കുടുംബകോടതിയെ സമീപിച്ച 30-വയസുകാരി യുവതി ചാറ്റിന്റെ വിശദാംശങ്ങളും ഹാജരാക്കി. ഇതോടെ യുവതിക്ക് കോടതി വിവാഹ മോചനവും അനുവദിച്ചു. മാത്രമല്ല യുവതിക്ക് വീട് വെച്ച് കൊടുക്കണമെന്നും പ്രതിമാസ ചിലവിന് തുക നൽകണമെന്നും യുവാവിനോട് കോടതി നിർദേശിക്കുകയും ചെയ്തു.

രണ്ട് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് ആറ് മാസം പ്രായമായ ആൺകുട്ടിയുമുണ്ട്. ഭർത്താവിനെ പരസ്ത്രീകൾക്കൊപ്പം കണ്ടതായി സുഹൃത്ത് യുവതിയെ അറിയിച്ചതിനെ തുടർന്നാണ് യുവതിക്ക് ഭർത്താവിന്റെ പെരുമാറ്റത്തിൽ സംശയങ്ങൾ ആരംഭിച്ചത്. തുടർന്ന് ഫോൺ ചെയ്ത് ചോദിച്ചപ്പോൾ ജോലിയിലാണെന്നായിരുന്നു ഭർത്താവിന്റെ മറുപടി.

മണിക്കൂറുകളോളം സോഷ്യൽ മീഡിയകളിൽ ചിലവഴിക്കുന്ന യുവാവ് ചില ദിവസങ്ങളിൽ വീട്ടിലേക്ക് വരാതിരിക്കുന്നതും കൂടി പതിവായതോടെയാണ് യുവതി വ്യാജഅക്കൗണ്ടിന്റെ കാര്യം ഗൗരവമായി തന്നെ ആലോചിക്കുകയായിരുന്നു.

ഒരു ദിവസം രാത്രി ഭർത്താവുമായി ടിവി കാണുന്ന സമയത്ത് ഭാര്യ തന്റെ വ്യാജ അക്കൗണ്ടുവഴി ചാറ്റിങ് ആരംഭിക്കുകയും ഭർത്താവ് അനുകൂലമായി പ്രതികരിക്കുകയുമായിരുന്നു. ഭർത്താവിൻറെ പ്രതികരണങ്ങൾ അടുത്ത റൂമിൽ നിന്നും ഭാര്യ നിരീക്ഷിച്ചു കൊണ്ടായിരുന്നു ഭാര്യയുടെ ചാറ്റിങ്. ഒടുവിൽ ഡേറ്റിങ് നടത്താൻ ഭാര്യ നിർദേശം വച്ചപ്പോൾ അതിന്റെ സമയവും തീയതിയും അയാൾ അറിയിച്ചു. ഇതോടെ ഭാര്യ ഇയാൾക്ക് മുന്നിലെത്തി എല്ലാം വെളിപ്പെടുത്തുകയും പിന്നീട് കോടതിയിൽ ഈ ചാറ്റിങ് വിവരങ്ങൾ അടക്കം തെളിവായി നൽകുകയുമായിരുന്നു.

Exit mobile version