ശബരിമല വിഷയത്തിലെ കോണ്‍ഗ്രസ് എംപിമാരുടെ കറുത്ത ബാഡ്ജ് പ്രതിഷേധം സോണിയ ഗാന്ധി വിലക്കിയിട്ടില്ല; വാര്‍ത്ത വ്യാജമെന്ന് കൊടിക്കുന്നില്‍ സുരേഷ്

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ പ്രതിഷേധത്തോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി അതൃപ്തി അറിയിച്ചിട്ടില്ലെന്ന് കൊടുക്കുന്നില്‍ സുരേഷ് എംപി. എംപിമാര്‍ കറുത്ത ബാഡ്ജ് ധരിച്ചതില്‍ സോണിയ അതൃപ്തി അറിയിച്ചെന്ന വാര്‍ത്തയും വ്യാജമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

‘ശബരിമല വിഷയത്തില്‍ കേരളത്തിലെ സാഹചര്യമനുസരിച്ച് നിലപാടെടുക്കാനാണ് കേന്ദ്രനേതൃത്വം കേരള ഘടകത്തോട് നിര്‍ദേശിച്ചത്. ലോക്സഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പിനോടു പോലും സോണിയാജി അങ്ങനെ പറഞ്ഞിട്ടില്ല. പിന്നെയെങ്ങനെ ഈ വാര്‍ത്ത വന്നു എന്ന് ഞങ്ങള്‍ അത്ഭുതപ്പെടുകയാണ്. ആരാണീ വാര്‍ത്ത നല്‍കിയത്?’ കൊടിക്കുന്നില്‍ സുരേഷ് ചോദിക്കുന്നു.

ശബരിമല വിഷയത്തില്‍ നിലപാടെടുക്കാനുള്ള അധികാരം ഞങ്ങള്‍ക്കു വിട്ടുതന്നതാണ്. ദേശീയ നേതൃത്വത്തിന് യുവതീ പ്രവേശനത്തോട് അനുകൂല നിലപാടാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കൊടിക്കുന്നില്‍ പറഞ്ഞു. അതേസമയം ശബരിമല വിഷയത്തില്‍ ഓഡിനന്‍സ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നതയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല.

ശബരിമലയില്‍ ബിന്ദുവും കനകദുര്‍ഗയും പ്രവേശിച്ചതിനു പിന്നാലെ കോണ്‍ഗ്രസ് എംപിമാര്‍ കറുത്ത ബാഡ്ജ് അണിഞ്ഞ് ലോക്‌സഭയിലെത്തിയിരുന്നു. എന്നാല്‍ സോണിയാ ഗാന്ധി എംപിമാരെ ഇത് ധരിക്കുന്നതില്‍ നിന്നും വിലക്കിയെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

Exit mobile version