ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതര്‍; പാചകം ചെയ്തും പൊട്ടിച്ചിരിച്ചും വീഡിയോയില്‍ ജീവനക്കാര്‍; കേരളത്തിലും ആശ്വാസം

ടെഹ്‌റാന്‍: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് വീഡിയോ. ഹോര്‍മുസ് കടലിടുക്കില്‍ നിന്നും ഇറാന്‍ പിടിച്ചെടുത്ത സ്റ്റെന ഇംപോറ കപ്പലിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള ജീവനക്കാരുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. 3 മലയാളികളടക്കം 18 ഇന്ത്യക്കാരാണു കപ്പലിലുള്ളത്. ഇവരുള്‍പ്പെടെയുള്ള 23 ജീവനക്കാരുടെയും വിഡിയോ ദൃശ്യങ്ങളാണ് ഇറാന്‍ ഇന്നലെ പുറത്തുവിട്ടിരിക്കുന്നത്.

ചുവന്ന യൂണിഫോം അണിഞ്ഞ ജീവനക്കാര്‍ മേശയ്ക്കു ചുറ്റുമിരിക്കുന്നതും ഇറാന്‍കാരനായ ഒരാള്‍ സഹകരണത്തിന് അവരോടു നന്ദി പറയുന്നതുമാണ് വീഡിയോയിലെ ആദ്യ ദൃശ്യങ്ങള്‍. ക്യാമറയിലേക്കു നോക്കേണ്ടതില്ലെന്ന് വേറൊരാളും പറയുന്നുണ്ട്. ഒരു ജീവനക്കാരന്‍ കപ്പല്‍ പരിശോധിക്കുന്നതും കാപ്പി കുടിക്കുന്നതും പൊട്ടിച്ചിരിക്കുന്നതുമൊക്കെ വിഡിയോയിലുണ്ട്. പാചകക്കാര്‍ ഭക്ഷണം പാകം ചെയ്യുന്നതും കാണാം. പാചകം ചെയ്യുന്നവരില്‍ ഒരാള്‍ കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചനാണെന്നു വീട്ടുകാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

നേരത്തെ, കപ്പലില്‍ ഇറാന്റെ പതാക ഉയര്‍ത്തിയതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. അതേസമയം, ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ‘ഗ്രേസ് -1’ല്‍ ഉള്ള നാവികരുടെ മേല്‍ സൈന്യം നിയന്ത്രണം ശക്തമാക്കിയതായി സൂചന. 3 മലയാളികളാണ് ഈ കപ്പലിലുമുള്ളത്. വണ്ടൂര്‍ സ്വദേശി കെകെ അജ്മല്‍ വീട്ടുകാരുമായി ബന്ധപ്പെട്ടു. കപ്പലില്‍നിന്നു ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അയയ്ക്കുന്നതു വിലക്കിയിരിക്കുകയാണ് എന്നാണ് വിവരം.

രണ്ടു കപ്പലിലെയും ജീവനക്കാരെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി ഇറാനിയന്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടി ട്വീറ്റിലൂടെ മന്ത്രി അറിയിച്ചിരുന്നു.

Exit mobile version