ജീവനുള്ള പാമ്പുകളുമായി പ്രദക്ഷിണം; വ്യത്യസ്ത ആഘോഷത്തില്‍ പങ്കു ചേര്‍ന്ന് സ്ത്രീകളും കുട്ടികളും

ഒരു പ്രത്യേകതരം പാമ്പുത്സവമാണ് ഇറ്റലിയിലെ കൊക്കുല്ലോയെന്ന ഗ്രാമത്തില്‍ നടക്കുന്നത്.

നമുക്ക് എല്ലാവര്‍ക്കും പാമ്പുകളെ പേടിയാണ്. ഏത് തരം പാമ്പ് ആയാലും നേരില്‍ കണ്ടാല്‍ അറപ്പും പേടിയുമൊക്കെയാണ്. എന്നാല്‍ ഈ നഗരത്തില്‍ ജീവനുള്ള പാമ്പുകളെ കൈയ്യില്‍ പിടിച്ച് തെരുവിലേക്കിറങ്ങുന്ന സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും കാണാം. ഒരു പ്രത്യേകതരം പാമ്പുത്സവമാണ് ഇറ്റലിയിലെ കൊക്കുല്ലോയെന്ന ഗ്രാമത്തില്‍ നടക്കുന്നത്. മെയ് മാസം ആദ്യം നടക്കുന്ന ഈ ഉത്സവം കൊക്കുല്ലോ ഗ്രാമവാസികള്‍ക്ക് ആഘോഷമാണ്.

സാന്‍ ഡോമനിക്കോ എന്ന പുരോഹിതന്റെ ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും മുടങ്ങാതെ നടത്തുന്ന പ്രധാന ഉത്സവമാണ് ഇത്. 10-11 നൂറ്റാണ്ടിലാണ് സാന്‍ ഡൊമനിക്കോ ജീവിച്ചിരുന്നത്. അന്ന്, പാമ്പുകള്‍ വളരെയധികമുണ്ടായിരുന്ന സ്ഥലമാണ് കൊക്കുല്ലോ.


പാമ്പു കടിയേറ്റുണ്ടാകുന്ന മരണങ്ങളും നിരവധിയായിരുന്നു. അന്ന് പാമ്പ് കടിയേല്‍ക്കുന്നവരെ ചികിത്സിച്ചിരുന്നു സാന്‍ ഡൊമനിക്. അതിലേറെ വിദഗ്ധനായിരുന്നു അദ്ദേഹം. അതിനാല്‍, അദ്ദേഹത്തോട് വളരെയധികം ആദരവ് കാത്ത് സൂക്ഷിച്ചവരായിരുന്നു കൊക്കുല്ലോക്കാര്‍.

അതുകൊണ്ട് തന്നെയാണ് സാന്‍ ഡോമനിക്കിന്റെ പേരില്‍ ഇങ്ങനെയൊരു ചടങ്ങ് എല്ലാ വര്‍ഷവും അവിടെ നടത്തുന്നത്. സാന്‍ ഡോമനിക്കിന്റെ പ്രതിമയ്ക്ക് ചുറ്റും ജീവനുള്ള പാമ്പുകളെ വെച്ച് അതുമായാണ് ഗ്രാമത്തിലെ തെരുവുകളിലൂടെ ആളുകള്‍ നടക്കുന്നത്.

വിഷമില്ലാത്ത പാമ്പുകളെയാണ് ഇങ്ങനെ പ്രതിമയില്‍ പൊതിഞ്ഞിരിക്കുന്നത് എന്നാണ് പറയുന്നത്.

Exit mobile version