അത്യാവശ്യമില്ലെങ്കില്‍ ശ്രീലങ്കയിലേക്കുള്ള യാത്ര ഒഴിവാക്കണം; വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് ശ്രീലങ്കയിലേക്ക് ഇന്ത്യക്കാര്‍ക്ക് യാത്രാനിയന്ത്രണം. അത്യാവശ്യമില്ലെങ്കില്‍ യാത്രകള്‍ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 250 ലേറെപ്പേര്‍ കൊല്ലപ്പെട്ട ചാവേര്‍ ബോംബ് സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം.

അടിയന്തര ഘട്ടങ്ങളില്‍ ശ്രീലങ്കയിലേക്ക് പോകേണ്ടി വരുന്നവര്‍ക്ക് കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടാം. ഹംബന്‍ടോട്ടയിലെയും ജാഫ്നയിലെയും അസി. ഹൈക്കമ്മീഷനുകളില്‍നിന്നും സഹായം ലഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഈസ്റ്റര്‍ ദിനത്തിലെ സ്ഫോടനത്തിനുശേഷം ശ്രീലങ്ക സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെങ്കിലും അടിയന്തരാവസ്ഥയും കര്‍ഫ്യൂവും യാത്ര ദുഷ്‌കരമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശ്രീലങ്കയിലെ മൂന്ന് പള്ളികളിലും ആഡംബര ഹോട്ടലുകളിലും ഒമ്പത് ചാവേറുകള്‍ നടത്തിയ സ്ഫോടനങ്ങളിലാണ് 253 പേര്‍ കൊല്ലപ്പെട്ടത്.

Exit mobile version