കീശയില്‍ നിന്ന് തീ, പിന്നാലെ ഫോണ്‍ പൊട്ടിത്തെറിച്ചു: എഴുപതുകാരന് അത്ഭുതരക്ഷ

തൃശൂര്‍: മരോട്ടിച്ചാലില്‍ കീശയില്‍ കിടന്ന മൊബൈല്‍ പൊട്ടിത്തെറിച്ച് എഴുപതുകാരന് അത്ഭുതരക്ഷ. മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസിന്റെ ഫോണാണ് കീശയില്‍ നിന്നും പൊട്ടിത്തെറിച്ചത്. ഭാഗ്യം കൊണ്ട് ഏലിയാസ് പരുക്കേല്‍ക്കാതെ രക്ഷപെട്ടു.

ഐ ടെല്‍ എന്ന കമ്പനിയുടെ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്. ബനിയന്‍ ധരിച്ചിരുന്നത് കൊണ്ടാണ് അപകടത്തില്‍ നിന്നും ഏലിയാസ് രക്ഷപ്പെട്ടത്. ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് തീപടരുന്ന കണ്ട് വേഗത്തില്‍ തല്ലിക്കെടുത്തിയെന്നാണ് ഏലിയാസ് പറഞ്ഞത്. ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു കൊല്ലം മുമ്പ് 1000 രൂപയ്ക്ക് വാങ്ങിയ ഫോണാണെന്നും ഐ ടെല്‍ എന്നാണ് കമ്പനിയുടെ പേരെന്നും വാറണ്ടി ഇല്ലായിരുന്നുവെന്നും ഏലിയാസ് വ്യക്തമാക്കി.

തൃശൂര്‍ ജില്ലയിലെ മരോട്ടിച്ചാലില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. ചായക്കടയില്‍ ഇരുന്ന് ചായ കുടിക്കുകയായിരുന്നു ഏലിയാസ്. ഈ സമയത്ത് ഷര്‍ട്ടില്‍ മുന്‍ഭാഗത്ത് ഇടത് വശത്തെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് തീ ആളിപ്പടരുകയായിരുന്നു. ഉടന്‍ തന്നെ തീ കെടുത്താനായത് കൊണ്ട് വന്‍ അപകടം ഒഴിവായി. ഇതിന്റെ സിസിടിവി ദൃശ്യം സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്.

Exit mobile version