അമ്മമാര്‍ ദൈവം! അമ്മ വിളിച്ചില്ലായിരുന്നെങ്കില്‍ താന്‍ അവിടെയിരുന്ന് ഭക്ഷണം കഴിക്കുമായിരുന്നു: രാമേശ്വരം കഫേയിലെ സ്‌ഫോടനത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവാവ്

ബംഗളൂരു: കഴിഞ്ഞ ദിവസമാണ് ബംഗളൂരു നഗരത്തിലെ രാമേശ്വരം കഫേയില്‍ ഞെട്ടിക്കുന്ന സ്‌ഫോടനം നടന്നത്. പത്ത് പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റിരുന്നു. സംഭവസ്ഥലത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട യുവാവിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുകയാണ്.

കുമാര്‍ അലങ്കൃത് എന്ന 24കാരനാണ് അപകടസ്ഥലത്തുനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. അമ്മ ഫോണ്‍ വിളിക്കുകയായിരുന്നു, അപ്പോഴേക്കും ഓര്‍ഡര്‍ ചെയ്ത ഭക്ഷണമെടുത്ത് പത്ത് മീറ്റര്‍ നീങ്ങിനിന്നു. കുറച്ച് നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും വലിയ ശബ്ദമുണ്ടായെന്നും പുകപടരുന്നത് കണ്ടുവെന്നും യുവാവ് പറഞ്ഞു.

പാറ്റ്‌ന സ്വദേശിയായ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ് കുമാര്‍. അയാളാണ് സ്‌ഫോടന ദൃശ്യങ്ങള്‍ ആദ്യം പുറത്തെത്തിച്ചത്. ഇത്തരം സംഭവം ആദ്യമാണെന്നും യുവാവ് പ്രതികരിച്ചു. ഉച്ചഭക്ഷണം കഴിക്കാന്‍ രാമേശ്വരം കഫേയില്‍ എത്തിയ താന്‍ വിറങ്ങലിച്ചാണ് വീട്ടിലെത്തിയത്. കഫേയിരിക്കുന്നതിനോട് ചേര്‍ന്നാണ് കുമാര്‍ താമസിക്കുന്നതും.

പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടാവുമെന്ന് യുവാവ് പറയുന്നു. പൊള്ളലേല്‍ക്കുക കൂടാതെ പലരുടെയും ചെവിയില്‍ നിന്നും രക്തമൊലിക്കുന്നുണ്ടായിരുന്നെന്നും യുവാവ് ഭക്ഷണം മേടിച്ച് ഇരിപ്പിടത്തിനരികെ എത്തിയപ്പോഴേക്കും തന്നെ അമ്മ ഫോണില്‍ വിളിക്കുകയായിരുന്നു. കഫേയുടെ ഉള്ളില്‍ ശബ്ദമായിരുന്നതിനാല്‍, പുറത്ത് സംസാരിക്കാന്‍ പോയിരുന്നു. നിമിഷങ്ങള്‍ക്ക് ശേഷം സ്‌ഫോടനം നടന്നെന്നും യുവാവ് പറയുന്നു.

സ്‌ഫോടനത്തെത്തുടര്‍ന്ന് പുക ഉയര്‍ന്നിടത്തേയ്ക്ക് എല്ലാവരും ഓടിക്കൂടിയതോടെ അവിടെ തിക്കും തിരക്കും ഉണ്ടായി. ഒരു സ്ത്രീയുടെ വസ്ത്രം ഊരിപ്പോയെന്നും പ്രായമായ ഒരു സ്ത്രീക്ക് കാര്യമായ പരുക്കേറ്റെന്നും യുവാവ് പറഞ്ഞു. ഇന്ന് താന്‍ രക്ഷപെട്ടത് അമ്മ കാരണം കൊണ്ടാണ്. അവരുടെ ഫോണ്‍ കോള്‍ വന്നില്ലായിരുന്നെങ്കില്‍ താന്‍ അവിടെയിരുന്ന് ഭക്ഷണം കഴിക്കുമായിരുന്നു, പരുക്കേല്‍ക്കുമായിരുന്നു.. അമ്മമാര്‍ ദൈവമാണെന്ന് പറയുന്നത് ഇതുകൊണ്ടാണെന്നും യുവാവ് പറഞ്ഞു.

Exit mobile version