രാമേശ്വരം കഫെയിലെ സ്‌ഫോടനം; പ്രധാനപ്രതിയെ കുറിച്ച് സൂചന നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം: പ്രഖ്യാപനവുമായി എൻഐഎ

ബംഗളൂരു: വളരെ നടുക്കമുണ്ടാക്കിയ കർണാടകയിലെ കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൽ പ്രതിയായ വ്യക്തിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷകം പ്രഖ്യാപിച്ചു. എന്തെങ്കിലും സൂചന കൈമാറുന്നവർക്ക് പത്ത് ലക്ഷം രൂപയാണ് പാരിതോഷികം നൽകുകയെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറിയിച്ചു.

പ്രധാനപ്രതിയായ ആളുടെ ഭാഗികമായി ദൃശ്യമാകുന്ന ഫോട്ടോ സഹിതമാണ് എൻഐഎ അറിയിപ്പ് പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, വിവരം കൈമാറുന്നവരെക്കുറിച്ചുള്ള വിവരം രഹസ്യമായി സൂക്ഷിക്കുമെന്നും അന്വേഷണ ഏജൻസി അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.56-നായിരുന്നു കഫേയിൽ സ്‌ഫോടനമുണ്ടായത്. 11.30-ഓടെ കഫേയിൽ എത്തിയ പ്രതിയെന്ന് സംശയിക്കുന്ന ഇയാൾ റവ ഇഡ്‌ലി ഓർഡർ ചെയ്തിരുന്നു. ഈ വ്യക്തി കടയിലേക്ക് വരുന്നതടക്കമുള്ള 86 മിനിറ്റിനുള്ളിലാണ് സംഭവം നടന്നിരിക്കുന്നത്.

11.ന് കടയിലെത്തിയ ഇയാൾ 11.38-ഓടെയാണ് റവ ഇഡ്‌ലി ഓർഡർ ചെയ്തത്. 11.44-ഓടെ ഇയാൾ വാഷ് ഏരിയയിൽ എത്തുന്നു. കൈയിലുണ്ടായിരുന്ന ബാഗ് ഇവിടെ ഉപേക്ഷിച്ച ഇയാൾ പിന്നീട് 11.45-ഓടെയാണ് കഫേ വിട്ടുപോകുന്നത്. ഫൂട്പാത്തിലൂടെ നടക്കുന്നതിന് പകരം റോഡിലൂടെയാണ് തിരിച്ചുപോയത്. ഇത് സിസിടിവി ക്യാമറയിൽ പെടാതിരിക്കാനാണെന്നാണ് കരുതുന്നത്. ഇയാൾ പോയി ഒരു മണിക്കൂറോളം സമയത്തിന് ശേഷമാണ് 12.56-ഓടെ സ്‌ഫോടനമുണ്ടായത്.

പിന്നീട്, മാർച്ച് നാലിനായിരുന്നു കേസിലെ അന്വേഷണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം എൻഐഎയ്ക്ക് കൈമാറിയത്.അക്രമത്തിന് പിന്നിലെ പ്രതിയെന്ന് സംശയിക്കുന്ന മാസ്‌കും തൊപ്പിയും ധരിച്ചൊരാളുടെ ദൃശ്യം നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെക്കുറിച്ച് വിവരം കൈമാറുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ ഈ കേസിൽ നാല് പേർ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം.

Exit mobile version