ഖഷോഗ്ജിയുടെ കൊലപാതകം ആസൂത്രിതം; മൃതദേഹം വെട്ടി നുറുക്കി ആസിഡിലിട്ട് ദ്രവിപ്പിച്ചെന്നും തുര്‍ക്കി പ്രസിഡന്റിന്റെ ഉപദേശകന്‍

ഇസ്താംബുള്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ മരണം ആസൂത്രിത കൊലപാതകമാണെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഖഷോഗ്ജിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം ആസിഡിലിട്ട് ദ്രവിപ്പിച്ചതായി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്റെ ഉപദേഷ്ടാവ് യാസിര്‍ അക്തായി പറഞ്ഞു.

മൃതദേഹം തുണ്ടം തുണ്ടം വെട്ടിയതിന് ശേഷം ആസിഡിലിടുകയായിരുന്നു. ആസിഡില്‍ ദ്രവിപ്പിക്കുന്നതിനായാണ് തുണ്ടമാക്കിയത്. മൃതദേഹം ഒരിക്കലും കണ്ടെടുക്കരുതെന്ന് ഉറപ്പുവരുത്തുന്നതിനായിരുന്നു ഈ നടപടി. നിരപരാധിയായ ഒരാളെ കൊലപ്പെടുത്തിയത് ഒരു കുറ്റകൃത്യം. അതിനേക്കാള്‍ വലിയൊരു കുറ്റകൃത്യവും അനാദരവുമാണ് മരിച്ചതിന് ശേഷം ഖഷോഗ്ജിയുടെ മൃതദേഹത്തോട് ചെയ്തതെന്നും യാസിര്‍ അക്തായി പറഞ്ഞു.

സൗദിയും തുര്‍ക്കിയും തമ്മിലുള്ള സംയുക്ത അന്വേഷണത്തിന്റ ഭാഗമായി തുര്‍ക്കി കൈമാറിയ തെളിവുകള്‍ അനുസരിച്ച് ഖഷോഗ്ജിയുടെ കൊലപാതകം ആസൂത്രിതമായിരുന്നെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടറുടെ കാര്യാലയം പുറത്തുവിട്ട കുറിപ്പില്‍ പറഞ്ഞിരുന്നു.

Exit mobile version