കടം വാങ്ങിയ പണം തിരികെ കൊടുക്കാതിരിക്കാന്‍ സ്വന്തം മരണവാര്‍ത്ത വ്യാജമായി ചമച്ചു; യുവതിയുടെ കള്ളക്കളി പൊളിച്ചടുക്കി മകള്‍

മരണം വ്യാജമായി ചമയ്ക്കുകയും തെളിവായി സ്വയം ശവമായി ചിത്രീകരിച്ച് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു

കടം വാങ്ങിയ പണം തിരികെ കൊടുക്കാതിരിക്കാന്‍ ചിലര്‍ പല അടവുകളും പയറ്റും. എന്നാല്‍ വാങ്ങിച്ച കാശ് കൊടുക്കാതിരിക്കാന്‍ സ്വന്തം മരണവാര്‍ത്ത തന്നെ വ്യാജമായി ചമച്ച യുവതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

ഇന്തോനേഷ്യയിലെ മെഡാന്‍ സ്വദേശിയായ ലിസ ഗിവി എന്ന യുവതിയാണ് കടം വാങ്ങിയ പണം തിരികെ കൊടുക്കാതിരിക്കാന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. മരണം വ്യാജമായി ചമയ്ക്കുകയും തെളിവായി സ്വയം ശവമായി ചിത്രീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

സ്വന്തം മകളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചുകൊണ്ടാണ് ഗിവി തന്റെ മരണം വ്യാജമായി ചിത്രീകരിച്ചത്. ഗൂഗിളില്‍ നിന്ന് എടുത്ത സ്ട്രക്ചര്‍ പടവും ഒപ്പം മൂക്കില്‍ പഞ്ഞി തിരുകി മൃതദേഹത്തിന് സമാനമായി കിടക്കുന്ന തന്റെ ചിത്രവുമാണ് ഫേസ്ബുക്കിലൂടെ ഇവര്‍ പോസ്റ്റ് ചെയ്തത്.

വീടിനടുത്തുള്ള ഒരു പാലത്തില്‍ വച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടുവെന്നും മൃതദേഹം ആഷെയില്‍ സംസ്‌കരിക്കും എന്നുമാണ് ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്. എന്നാല്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് അമ്മ തന്നെയാണ് ഈ വാര്‍ത്ത പോസ്റ്റ് ചെയ്തതെന്നും അമ്മയുടെ പ്രവൃത്തിയില്‍ വേദനിച്ചവരോട് മാപ്പ് ചോദിക്കുന്നു എന്നും അപേക്ഷിച്ചുകൊണ്ട് ഒടുവില്‍ ഇവരുടെ മകള്‍ നജ്‌വ രംഗത്ത് വരികയായിരുന്നു.

ഇതോടെയാണ് യുവതിയുടെ കള്ളക്കളി പൊളിഞ്ഞത്. മായ ഗുണവന്‍ എന്ന സ്ത്രീയില്‍ നിന്നാണ് ഗിവി മുപ്പതിനായിരം ഇന്തോനേഷ്യന്‍ റുഫിയ കടമായി വാങ്ങിയിരുന്നത്. നിരവധി തവണ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ ഒഴിഞ്ഞു മാറുകയായിരുന്നു.

Exit mobile version