വാക്‌സിനുകൾ പരീക്ഷണ ഘട്ടത്തിൽ; എല്ലാ ജനങ്ങൾക്കും കുത്തിവെയ്പ്പ് എടുക്കാൻ ഒരുങ്ങി ചൈന; ഗുണഫലത്തെ കുറിച്ച് മൗനം

China vaccine | world news

ബീജിങ്: ചൈനയിൽ തന്നെ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിനുകൾ വൻതോതിൽ ജനങ്ങളിൽ കുത്തിവെയ്ക്കാൻ ഒരുങ്ങി ചൈനീസ് സർക്കാർ. രാജ്യത്തെ പ്രവിശ്യ ഭരണകൂടങ്ങൾ ഇതിനോടകം ജനങ്ങൾക്ക് ആവശ്യമായ വാക്‌സിനുകൾക്ക് ഓർഡർ നൽകിയെന്നാണ് റിപ്പോർട്ട്. പരീക്ഷണം പൂർത്തിയാക്കിയ ഫൈസർ വാക്‌സിന്റെ ഉപയോഗത്തിന് ബ്രിട്ടൺ അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് ചൈനയുടെ നടപടി.

അതേസമയം, ഇത്രയേറെ അളവിൽ ജനങ്ങളിൽ വാക്‌സിൻ കുത്തിവെയ്ക്കാൻ ഒരുങ്ങുമ്പോഴും വാക്‌സിൻ ഗുണഫലത്തെ കുറിച്ചോ രാജ്യത്തെ 140 കോടി ജനങ്ങളിലേക്ക് വാക്‌സിൻ എങ്ങനെ എത്തിക്കുമെന്നോ ഇതുവരെ ചൈനീസ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കിയിട്ടില്ല. അന്തിമ അനുമതി നൽകുന്നതിന് മുമ്പുതന്നെ ചൈനയിലെ പത്ത് ലക്ഷത്തോളം ആരോഗ്യ പ്രവർത്തകർക്കും മറ്റും പരീക്ഷണാത്മക വാക്‌സിൻ ഇതിനോടകം നൽകിയിട്ടുണ്ട്.

ചൈനയിലെ കോവിഡ് വാക്‌സിന്റെ അന്തിമ പരീക്ഷണം വേഗത്തിലാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ആഴ്ച യുഎൻ യോഗത്തിനിടെ ചൈനീസ് വിദേശകാര്യ മന്ത്രയും പറഞ്ഞിരുന്നു. വാക്‌സിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് ചൈനീസ് അധികൃതരോ വാക്‌സിൻ നിർമ്മാതാക്കളോ പ്രതികരിക്കാത്തത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

അതേസമയം, കോവിഡിനെ ഫലപ്രദമായി തടഞ്ഞുനിർത്തിയെന്ന് പറയുന്ന ചൈനയിൽ വൻതോതിൽ എല്ലാജനങ്ങൾക്കും പരീക്ഷണാത്മക വാക്‌സിൻ കുത്തിവയ്ക്കുന്നത് എന്തിനാണെന്നും വിദഗ്ധർ ചോദ്യമുന്നയിക്കുന്നുണ്ട്.

ഇപ്പോൾ വികസിപ്പിച്ചിരിക്കുന്ന വാക്‌സിൻ വികസ്വര രാജ്യങ്ങൾക്ക് താങ്ങാവുന്ന വിലയാണ് ഈടാക്കുകയെന്ന് ചൈന അവകാശപ്പെടുന്നു. റഷ്യ, ഈജിപ്ത്, മെക്‌സിക്കോ ഉൾപ്പെടെയുള്ള രാജ്യങ്ങളിലായി അഞ്ച് വാക്‌സിനുകൾ ചൈനീസ് മരുന്ന് കമ്പനികൾ പരീക്ഷിച്ചിരുന്നു

Exit mobile version