സൊമാലിയയിലെ മിലിറ്ററി ക്യാംപില്‍ ആക്രമണം; യുഎഇയുടെ നാല് സൈനികര്‍ കൊല്ലപ്പെട്ടു

അബുദാബി: സൊമാലിയയിലെ മിലിറ്ററി ക്യാംപിലുണ്ടായ ആക്രമണത്തില്‍ സംയുക്തപരിശീലനത്തിനായി എത്തിയ യുഎഇയുടെ നാല് സൈനികര്‍ കൊല്ലപ്പെട്ടു. യുഎഇ പ്രതിരോധ മന്ത്രാലയമാണ് വാര്‍ത്തപുറത്തുവിട്ടത്. സൈനികരുടെ മൃതദേഹങ്ങള്‍ അബുദാബിയിലെ അല്‍ ബതീന്‍ വിമാനത്താവളത്തില്‍ ഞായറാഴ്ച രാവിലെയോടെ എത്തിച്ചതായി വാര്‍ത്താഏജന്‍സി അറിയിക്കുന്നു. ശനിയാഴ്ച രാത്രി സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ ജനറല്‍ ഗോര്‍ഡന്‍ സൈനിക താവളത്തിലാണ് ആക്രമണം ഉണ്ടായത്.

കേണല്‍ മുഹമ്മദ് അല്‍ മന്‍സൂരി, വാറന്റ് ഓഫീസര്‍ മുഹമ്മദ് അല്‍ ഷംസി, വാറന്റ് ഓഫീസര്‍ ഖലീഫ അല്‍ ബലൂഷി, കോര്‍പ്പറല്‍ സുലൈമാന്‍ അല്‍ ഷെഹി എന്നിവരാണ് രക്തസാക്ഷികളായത്. യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വിമാനത്താവളത്തില്‍ എത്തിച്ച രക്തസാക്ഷികളുടെ മൃതദേഹങ്ങള്‍ പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന നേതാക്കളും ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ മൃതദേഹം ഏറ്റുവാങ്ങി.

ALSO READ- അരവിന്ദ് കെജ്‌രിവാളും ഭഗവന്ത് സിങ് മാനും അയോധ്യ രാമക്ഷേത്രത്തിലേക്ക്; കുടുംബസമേതം തിങ്കളാഴ്ച ദർശനം നടത്തും

യുഎഇ-സൊമാലിയ ഉഭയകക്ഷി കരാറിന്റെ ഭാഗമായി സൊമാലിയന്‍ സായുധസേനയിലെ സൈനികര്‍ക്ക് യുഎഇ ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിവരികയായിരുന്നു. ഇതിനിടെയാണ് ആക്രമണമുണ്ടായത്. ബഹ്റൈന്‍ പ്രതിരോധസേന ഉദ്യോഗസ്ഥനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മറ്റ് രണ്ടുപേര്‍ക്ക് പരിക്കേറ്റതായും മന്ത്രാലയം വ്യക്തമാക്കി.

തീവ്രവാദ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സൊമാലിയന്‍ സര്‍ക്കാരുമായി യുഎഇ ഏകോപനവും സഹകരണവും തുടരുകയാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Exit mobile version