കൊറോണ വൈറസ് ചൈനയുടെ ലാബിൽ നിർമ്മിച്ചത്; ലോകത്തെ ഞെട്ടിക്കുന്ന ആരോപണവുമായി ചൈനയിൽ നിന്നും രക്ഷപ്പെട്ട വൈറോളജിസ്റ്റ് ഡോ. ലി

വാഷിങ്ടൺ: കൊറോണ വൈറസ് പകർച്ചവ്യാധി ലോകത്തെ പ്രതിസന്ധിയിലാക്കിയതുമുതൽ രോഗത്തിന്റെ ഉത്ഭവത്തെ കുറച്ച് ചർച്ചകൾ നടക്കുന്നുണ്ട്. ചൈനയിലെ വുഹാനിലെ ഒരു മാർക്കറ്റിൽ നിന്നാണ് കൊറോണ വൈറസ് പുറംലോകത്തെത്തിയതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ചൈനീസ് സർക്കാർ ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെയാണ്, ലോകത്തെ തന്നെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനയിൽ നിന്നും ഒരു വർഷം മുമ്പ് നാടുവിട്ട് രക്ഷപ്പെട്ടെന്ന് അവകാശപ്പെടുന്ന വൈറോളജിസ്റ്റിന്റെ ആരോപണങ്ങൾ ചർച്ചയാവുന്നത്.

കൊറോണ വൈറസ് വുഹാനിലെ ലാബിൽ നിർമ്മിച്ചതാണെന്നാണ് ഹോങ്കോങ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകയായ ഡോ. ലി മെംഗ്‌യാൻ ആരോപിച്ചിരിക്കുന്നത്. തന്റെ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകൾ ഉടനെ പ്രസിദ്ധീകരിക്കുമെന്നും അവർ പറഞ്ഞു. ചൈനീസ് സർക്കാരിൽ നിന്ന് യുഎസിലേക്ക് ഒളിച്ചോടിയതായി പറയപ്പെടുന്ന ഇവർ വെള്ളിയാഴ്ച ഐടിവിയിൽ പ്രത്യക്ഷപ്പെടുകയും വൈറസ് മനുഷ്യനിർമ്മിതമാണെന്നതിന് തെളിവുകൾ തന്റെ പക്കലുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തു.

‘മനുഷ്യ വിരലടയാളം പോലെയാണ് ജീനോം സീക്വൻസ്. ഇതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് ഇവ തിരിച്ചറിയാൻ കഴിയും. ചൈനയിലെ ലാബിൽ നിന്ന് ഇത് എന്തിനാണ് വന്നതെന്നും എന്തുകൊണ്ടാണ് അവർ ഇത് നിർമ്മിച്ചതെന്നും ആളുകളോട് പറയാൻ ഞാൻ ഈ തെളിവുകൾ ഉപയോഗിക്കും. ബയോളജി പരിജ്ഞാനം ഇല്ലാത്തവർക്കും ഇത് മനസ്സിലാക്കാൻ കഴിയും,’ ഡോ. ലി മെംഗ്‌യാൻ പറഞ്ഞു.

അതേസമയം, ചൈനീസ് സർക്കാർ കാലതാമസമോ മറച്ചുവെക്കലോ നടത്തിയിട്ടില്ല എന്നതാണ് വസ്തുതയെന്ന് പ്രതികരിച്ച് ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷൻ ഡയറക്ടർ രംഗത്തെത്തി. വൈറസ് ഡാറ്റയും അനുബന്ധ വിവരങ്ങളും കഴിയാവുന്നത്രയും വേഗം ചൈന അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ റിപ്പോർട്ട് ചെയ്തു. വുഹാൻ സിറ്റിയിൽ കേസുകൾ തിരിച്ചറിഞ്ഞയുടനെ, ചൈന ഉടൻ തന്നെ രോഗം പടരുന്നത് തടയാൻ അന്വേഷണം നടത്തി ആരോഗ്യ കമ്മീഷൻ ഡയറക്ടർ പറഞ്ഞതിങ്ങനെ.

വൈറസ് പടർന്നുപിടിച്ചത് ഒരു ലാബിൽ നിന്നാണെന്ന വാദത്തെ തള്ളിപ്പറഞ്ഞ ചൈനീസ് ആരോഗ്യ കമ്മീഷൻ പുതിയ കൊറോണ വൈറസ് ഒരു ലബോറട്ടറിയിൽ സൃഷ്ടിച്ചതായി തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടന ഒന്നിലധികം തവണ പറഞ്ഞ കാര്യവും പരാമർശിച്ചു.

Exit mobile version